SBI logo (File Photo).
ആന്ധ്രപ്രദേശിലെ തുമുകുന്തയിലെ എസ്ബിഐ ബ്രാഞ്ചില്‍ വന്‍ കവര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ബാങ്കിലേക്ക് അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ 10 കിലോ സ്വര്‍ണവും 38 ലക്ഷം രൂപയും കവര്‍ന്നതായാണ് വിവരം. ബാങ്കില്‍ സുരക്ഷാജീവനക്കാര്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ ഹിന്ദ്പുര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ബാങ്കില്‍ കവര്‍ച്ച നടന്നിരിക്കുന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. അന്നേ ദിവസം ബാങ്ക് അവധിയായതിനാല്‍ മോഷണ വിവരം പുറത്തറിഞ്ഞതുമില്ല. തിങ്കളാഴ്ച പതിവുപോലെ ജോലിക്കെത്തിയ ജീവനക്കാരാണ് ബാങ്കില്‍ കൊള്ള നടന്നതായി മനസ്സിലാക്കിയത്. രണ്ടു മണിക്കൂറോളം മോഷ്ടാക്കള്‍ ബാങ്കിനുള്ളില്‍ ഉണ്ടായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഒരാള്‍ ബാങ്ക് ലോക്കറിനു സമീപമുള്ള സിസിടിവി കാമറയ്ക്കു മുന്നിലെത്തുന്നതും അത് തകര്‍ക്കുന്നതുമായ വിഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷ്ടാവ് ആദ്യം അകത്തുകയറി സിസിടിവി കാമറ നശിപ്പിച്ചതോടെ ഒപ്പമുണ്ടായിരുന്നവരും മറ്റുള്ളവരും പിന്നാലെ അകത്തുകയറി എന്നാണ് പൊലീസ് കരുതുന്നത്.
ബാങ്ക് കെട്ടിടത്തിന്‍റെ വലിയ ജനാലയിലൂടെയാണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്ന് ഹിന്ദ്പുര്‍ സബ്ഡിവിഷണല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കെ.വി മഹേഷ് പറയുന്നു. നാലുവര്‍ഷത്തോളമായി ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരുണ്ടായിരുന്നില്ല. വലിയ ജനാലയുടെ ഗ്രില്ലുകള്‍ കൈകൊണ്ട് ചെറുതായി ഒന്ന് വളച്ചാല്‍ തന്നെ ഒടിഞ്ഞുപോകുന്ന തരത്തിലായിരുന്നു. യാതൊരു സുരക്ഷയുമില്ലാത്ത ബാങ്ക് കെട്ടിടം മോഷ്ടാക്കള്‍ക്ക് കവര്‍ച്ച എളുപ്പമാക്കിയെന്നും പൊലീസ് പറയുന്നു. കവര്‍ച്ചയില്‍ വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവികളടക്കം പൊലീസ് പരിശോധിക്കുകയാണ്.