തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ രണ്ട് കോടി രൂപ മൂല്യമുള്ള ആനക്കൊമ്പ് മോഷണം പോയതായി പരാതി. കഴിഞ്ഞ ദിവസം ഡി.ജെ പാർട്ടി നടന്നതിന് പിന്നാലെ കൊമ്പ് കാണാതായെന്നാണ് വിവരം. ഡി.ജെ പാർട്ടി നടത്തിപ്പിന് എത്തിയ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള സംഘത്തെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്യുകയാണ്.

തീക്കട്ടയിൽ ഉറുമ്പരിക്കുമോ എന്ന സംശയമാണ് ഉയരുന്നത്. അതീവ സുരക്ഷാ മേഖലയിൽ നിന്നും ആനക്കൊമ്പ് കവർന്നു എന്ന് പറയുന്നതിൽ ചില സംശയങ്ങളും ഉയരുന്നുണ്ട്.

രണ്ട് ദിവസം മുൻപാണ് ക്യാമ്പിൽ ഉദ്യോഗസ്ഥർക്കായി ഡി.ജെ പാർട്ടി സംഘടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഓഫിസിൽ സൂക്ഷിച്ചിരുന്ന രണ്ട് ആനക്കൊമ്പ് കാണാതായത്. രണ്ട് കോടിയിലേറെ രൂപ മൂല്യമുള്ള കൊമ്പുകളെന്നാണ് നിഗമനം. കൊമ്പുകൾ കാണാതായതിന്‍റെ സംശയം വ്യത്യസ്ത തലങ്ങളിലെത്തി.ഡി.ജെ പാർട്ടി നടത്തിപ്പിന് എത്തിയ സംഘത്തിലേക്ക് സംശയം നീണ്ടു. പരിപാടിയിൽ പങ്കെടുത്ത പ്രായപൂർത്തിയാവാത്തവർ ഉൾപ്പെടെയുള്ള 18 അംഗ സംഘത്തെ സൈനിക ക്യാമ്പിലേക്ക് വിളിച്ച് വരുത്തി. പിന്നാലെ പൂജപ്പുര പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. വിശദമായ മൊഴി രേഖപ്പെടുത്തിയെങ്കിലും ആദ്യഘട്ടത്തിൽ ഇവർക്ക് പങ്കുണ്ടെന്ന സൂചന ലഭിച്ചിട്ടില്ല.

സൈനിക ക്യാമ്പിനുള്ളിലെ ആരുടെയെങ്കിലും സഹായത്തോടെയാണോ ആനക്കൊമ്പ് മോഷ്ടിച്ചതെന്ന കാര്യവും പരിശോധിക്കും. ക്യാമ്പിനുള്ളിലേക്ക് കയറുമ്പോഴും ഇറങ്ങുന്ന സമയത്തും കൃത്യമായ പരിരോധനയുള്ളതിനാൽ സാഹചര്യത്തെക്കുറിച്ച് കാര്യമായ ധാരണയുള്ളവർ ആയിരിക്കും മോഷണത്തിന് പിന്നിലെന്ന സംശയമാണ് ബലപ്പെടുത്തുന്നത്. ഉദ്യോഗസ്ഥരുടെ മൊഴി ഉൾപ്പെടെ ശേഖരിച്ച് വിപുലമായ അന്വേഷണം തുടങ്ങിയതായി പൂജപ്പുര ഇൻസ്പെക്ടർ അറിയിച്ചു.

ENGLISH SUMMARY:

An ivory pair worth approximately ₹2 crore has been reported stolen from the high-security Pangode Military Camp in Thiruvananthapuram. The theft was noticed following a DJ party held for officers at the camp two days ago. The Poojappura Police have questioned an 18-member team, including minors, who were hired for the event management. Despite strict entry and exit checks at the military base, the disappearance of the ivory from the office has raised suspicions of potential inside help. Police are currently recording statements from officers and event organizers to track down the culprits behind this daring heist in a restricted zone.