AI Generated Image
മകളെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ യുവതിക്ക് ജീവപര്യന്തം തടവ്. കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം മകള്‍ കണ്ടതിനാലാണ് ക്രൂരകൃത്യം. മീററ്റിലെ ഗംഗാചോലി ഗ്രാമത്തില്‍ നിന്നുള്ള 34 കാരിയായ റാണി വെര്‍മയാണ് 14 കാരി ഖുശ്ബുവിനെ കൊലപ്പെടുത്തിയത്. കൊലപാതക ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമവും നടന്നു.
2023 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ റാണി മക്കള്‍ക്കൊപ്പമായിരുന്നു താമസം. മകന്‍ പുറത്തു പോയ സമയത്ത് റാണിയും കാമുകന്‍ അനിലുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ മകള്‍ ഖുശ്ബു കണ്ടതാണ് കൊലാപതകത്തിന് കാരണം. മകള്‍ ആത്മഹത്യ ചെയ്തു എന്നാണ് യുവതി കുടുംബക്കാരോടും അയല്‍ക്കാരോടും പറഞ്ഞത്.
പൊലീസ് നടത്തിയ പരിശോധനയില്‍ മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. എന്നാല്‍ പൊലീസിനുണ്ടായ സംശയങ്ങളാണ് കുറ്റകൃത്യത്തിന്‍റെ ചുരുളഴിച്ചത്. തുടർച്ചയായ ചോദ്യം ചെയ്യലില്‍ റാണിയും കാമുകനും കൊലപാതകം സമ്മതിച്ചു.
ഖുശ്ബുവിനെ കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ചാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് റാണിയും അനിലും അറസ്റ്റിലായത്. വിചാരണ സമയത്ത് ഇരുവരും ജാമ്യത്തിലായിരുന്നു. അതേസമയം തെളിവുകളുടെ അഭാവത്തില്‍ അനിൽകുമാറിനെ വെറുതെവിട്ടു. അമ്മ മകളെ കൊല്ലുന്നത് മനുഷ്യത്വത്തിന് അപമാനമാണെന്നും കുറ്റകൃത്യം അങ്ങേയറ്റം ക്രൂരവും ഗൗരവമുള്ളതുമാണെന്നും കോടതി പറഞ്ഞു.