കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്ത് ചാടിയ ഗോവിന്ദചാമി അധികൃതരുടെ കണ്‍മുന്നിലൂടെ കടന്നുപോയത് രണ്ടുവട്ടം. രാവിലെ ആറുമണിയോടെ ജയിലിന് മുന്നിലെ റോഡിലൂടെ രണ്ടുതവണ നടന്നുപോയിട്ടും ആരും തിരിച്ചറിഞ്ഞില്ല. വഴിയറിയാതെ മുന്നോട്ടു നടന്ന ഗോവിന്ദചാമി പിന്നീട് അതേവഴി തിരിച്ചുവന്ന് എതിര്‍ദിശയില്‍ കണ്ണൂര്‍ ഭാഗത്തേക്ക് നടന്നുപോയി . ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
ഗോവിന്ദച്ചാമി ജയില്‍ചാടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സെല്ലില്‍ നിന്ന് നുഴഞ്ഞിറങ്ങി ഓടുന്നതാണ് ദൃശ്യങ്ങള്‍. സംവിധാനങ്ങളുടെ കെടുകാര്യസ്ഥത വെളിപ്പെടുത്തുക കൂടിയാണ് ജയിലിലെ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞ ജയില്‍ചാട്ടം. രക്ഷപ്പെടല്‍പദ്ധതിയിട്ടതും നടപ്പാക്കിയതും ഗോവിന്ദചാമി തനിച്ചെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ഗോവിന്ദചാമി ജയിൽ ചാടിയതിൽ ജയിൽ ഡിഐജി വി. ജയകുമാറിന്‍റെ അന്വേഷണ റിപ്പോർട്ട് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായക്ക് ഇന്ന് സമർപ്പിക്കും. ജയിൽ ഡിജിപിയുടെ നിലപാടിന് അനുസരിച്ച് ആയിരിക്കും തുടർനടപടികൾ. കണ്ണൂർ സെൻട്രൽ ജയിലിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത.
അതേസമയം ജയിൽ ചാട്ടത്തെക്കുറിച്ച് സെൻട്രൽ ജയിലിലെ മറ്റു തടവുകാർക്ക് നേരത്തെ അറിയാമായിരുന്നു എന്ന കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിൽ തടവുകാരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഗോവിന്ദചാമിയെ പാർപ്പിച്ചിരുന്ന പത്താം നമ്പർ ബ്ലോക്കിലുള്ള തടവുകാരുടെ മൊഴിയാണ് രേഖപ്പെടുത്തുക.