AI Generated Image

വിവാഹേതര ബന്ധം പിടിക്കപ്പെട്ടതിന് പിന്നാലെ ഭര്‍ത്താവിനെ ബലമായി വിഷം കുടിപ്പിച്ച് കൊന്ന സംഭവത്തില്‍ യുവതിയും കാമുകനും 4 വാടകക്കൊലയാളികളും പിടിയില്‍. കര്‍ണാടകയിലെ ചന്നപട്ടണയിലാണ് സംഭവം. ചന്ദ്രകലയെന്ന യുവതിയും കാമുകനും ക്വട്ടേഷന്‍ സംഘവുമാണ് അറസ്റ്റിലായത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ചന്ദ്രകല ശ്രമിച്ചതിന്‍റെ തെളിവുകളും പൊലീസ് കണ്ടെത്തി. മുന്‍പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ലോകേഷ് കുമാറി(45)നെ കഴിഞ്ഞ ദിവസമാണ് ചന്നപട്ടണയിെല കന്‍വ ഡാമിനരികെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാറിനോട് ചേര്‍ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അരികില്‍ കാലിയായ വിഷക്കുപ്പിയും പൊലീസ് കണ്ടെടുത്തു. 

ഒറ്റനോട്ടത്തില്‍ ആത്മഹത്യയെന്ന് തോന്നിപ്പിച്ച സംഭവം മെല്ലെ കൊലപാതകമെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു. ലോകേഷിന്‍റെ മൃതദേഹത്തിനൊപ്പം കിടന്ന വിഷക്കുപ്പിക്ക് അടപ്പുണ്ടായിരുന്നില്ല. ഇതാണ് ആദ്യ സംശയത്തിന് കാരണം. ലോകേഷ് തനിയെ വിഷം കഴിച്ചതാണെങ്കില്‍ അടപ്പ് അടുത്ത് തന്നെ കാണേണ്ടിയിരുന്നു. എന്നാല്‍ പരിസരത്തെങ്ങും അടപ്പ് കണ്ടെത്താനായില്ല. മാത്രമല്ല, മൃതദേഹത്തില്‍ ഒറ്റച്ചെരുപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. സംശയം ബലപ്പെട്ട പൊലീസ് കുടുംബാംഗങ്ങളെ വിശദമായി ചോദ്യം ചെയ്തു. 

ഇതിനിടെ ,ചന്ദ്രകലയ്ക്ക് വിവാഹേതര ബന്ധമുള്ളതായി ലോകേഷ് കണ്ടുപിടിച്ചിരുന്നുവെന്നും ഇത് കൊലയ്ക്ക് കാരണമായോ എന്ന് സംശയമുണ്ടെന്നും കുടുംബാംഗങ്ങളിലൊരാള്‍ വെളിപ്പെടുത്തി. ചന്ദ്രകലയെ പൊലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും തുടക്കത്തില്‍ ഒന്നും സമ്മതിച്ചില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വിഷം നെഞ്ചിന്‍റെ ഭാഗത്ത് കേന്ദ്രകരിച്ചിരിക്കുന്നതായി കണ്ടെത്തി. ബലമായി കുടിപ്പിച്ചതാണെന്ന സംശയവും ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചു. ഇതോടെ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ പൊലീസ് ഉത്തരവിട്ടു. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വിഷം ബലമായി കുടിപ്പിച്ചതാണെന്ന് തെളി‍ഞ്ഞു. 

ഈ സമയം തന്നെ ഡാമിനടുത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് വീണ്ടെടുത്തു. ഇതില്‍ സംഭവദിവസം രാത്രിയില്‍ ഒരു കറുത്ത കാര്‍ ദുരൂഹ സാഹചര്യത്തില്‍ വന്നതായും സ്ഥിരീകരിച്ചു.  ഫോണ്‍ രേഖകള്‍ പരിശോധിച്ചതോടെയാണ് ബെംഗളൂരുവിലെ തപാല്‍വകുപ്പ് ജീവനക്കാരിലേക്കും അന്വേഷണം നീണ്ടത്. ഇയാളുടെ മൊബൈല്‍ ലൊക്കേഷന്‍ സംഭവദിവസം ഡാമിനടത്തുനിന്നും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ചന്ദ്രകലയും യോഗേഷും കുറ്റം സമ്മതിക്കുകയായിരുന്നു. കൊലയ്ക്ക് നാലുപേരുടെ കൂടെ സഹായം ലഭിച്ചിരുന്നുവെന്നും ഇവര്‍ പൊലീസിനോട് സമ്മതിച്ചു. വാടകക്കൊലയാളികളായ ഇവരാണ് ലോകേഷിന്‍റെ കാറിനെ പിന്തുടര്‍ന്ന് ആക്രമിച്ചതും ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ചതും.

ENGLISH SUMMARY:

In a shocking turn, Chandrakala and her lover have been arrested in Channapattana, Karnataka, for allegedly poisoning her husband, Lokesh Kumar, after his extramarital affair was exposed. Police uncovered a brutal murder plot initially staged as a suicide near Kanva Dam.