വിമാനം റദ്ദാക്കി, വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന നവദമ്പതികള്‍ക്ക് എത്താന്‍ സാധിച്ചില്ല, എന്തുചെയ്യും? ഇൻഡിഗോയുടെ വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതാണ് കർണാടകയില്‍ നിന്നുള്ള നവദമ്പതികളെ വലച്ചത്. ഇതോടെ വധൂവരന്‍മാര്‍ ഒരു മാര്‍ഗം കണ്ടെത്തി... സ്വന്തം വിവാഹസല്‍ക്കാരത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുക. വിരുന്നിന്‍റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാണ്.
ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍മാരായ ഹുബ്ബള്ളി സ്വദേശി മേധാ ക്ഷീരസാഗർ, ഒഡീഷയിലെ ഭുവനേശ്വറിൽ നിന്നുള്ള സംഗമ ദാസ് എന്നിവരുടെ വിവാഹസല്‍ക്കാരമാണ് ഹുബ്ബള്ളിയിലെ ഗുജറാത്ത് ഭവനിൽ നടക്കാനിരുന്നത്. നവംബർ 23 ന് ഭുവനേശ്വറിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ ഇന്‍ഡിഗോയുടെ കൂട്ടത്തോടെയുള്ള സര്‍വീസുകള്‍ റദ്ദാക്കലാണ് ഇരുവരെയും ബാധിച്ചത്.
ഡിസംബർ 2 ന് ഭുവനേശ്വറിൽ നിന്ന് ബെംഗളൂരുവിലേക്കും തുടർന്ന് ഹുബ്ബള്ളിയിലേക്കുമാണ് ഇരുവരും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ വധൂവരന്മാർ ബുക്ക് ചെയ്ത വിമാനങ്ങള്‍ വൈകാന്‍ തുടങ്ങി. ആവര്‍ത്തിച്ച് ഈ സര്‍വ്വീസുകള്‍ റീഷെഡ്യൂള്‍ ചെയ്യപ്പെട്ടു. രാവിലെ 9 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം പിറ്റേന്ന് പുലർച്ചെയായിട്ടും പുറപ്പെട്ടില്ല. ഒടുവില്‍ ഡിസംബർ 3 ന് രാവിലെ വിമാനം റദ്ദാക്കുകയും ചെയ്തു. ഭുവനേശ്വർ-മുംബൈ-ഹബ്ബള്ളി വഴി യാത്ര ചെയ്ത നിരവധി ബന്ധുക്കളും സര്‍വ്വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കുടുങ്ങി.
ചടങ്ങുകളുടെയും സല്‍ക്കാരത്തിന്‍റെയും എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. ഒടുവില്‍ വധൂവരന്‍മാര്‍ക്ക് പകരം വധുവിന്റെ മാതാപിതാക്കൾ ചടങ്ങുകള്‍ അനുഷ്ഠിച്ചു. സല്‍ക്കാരത്തിനായി വാങ്ങിയ വസ്ത്രങ്ങളണിഞ്ഞ് വധൂവരന്മാർ വിഡിയോ കോൺഫറൻസിംഗിലൂടെ സല്‍ക്കാരത്തില്‍ പങ്കെടുത്തു. ഇരുവരും എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടന്നില്ല, എല്ലാവരെയും ക്ഷണിച്ചിരുന്നു. അവസാന നിമിഷം പരിപാടി മാറ്റിവയ്ക്കാനും പറ്റിയില്ല. അതിനാൽ കുടുംബാംഗങ്ങളോട് ചർച്ച ചെയ്ത ശേഷം ഇരുവരേയും ഓൺലൈനിലൂടെ ചടങ്ങില്‍ പങ്കെടുപ്പിക്കുകയായിരുന്നുവെന്ന് വധുവിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു.
ഇന്ന് മാത്രം ഇന്‍ഡിഗോ റദ്ദാക്കിയത് 600ല്‍ അധികം സര്‍വീസുകളാണ്. ഡല്‍ഹിയില്‍ നിന്നുള്ള ഇന്‍ഡിഗോ ആഭ്യന്തര സര്‍വീസുകള്‍ അര്‍ധരാത്രി വരെ നിര്‍ത്തിവച്ചു. പൈലറ്റുമാരുടെ പ്രതിവാര വിശ്രമം 48 മണിക്കൂറും രാത്രി ലാന്‍ഡിങ് രണ്ടും ആക്കിയതോടെ ഉണ്ടായ പ്രതിസന്ധി നിയന്ത്രിക്കാന്‍ കഴിയാതെ വരികയായിരുന്നു കമ്പനിക്ക്. ഡൽഹി, ജയ്പൂർ, ഭോപ്പാൽ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ വിമാനത്താവളങ്ങളിലായി ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങുകയും ചെയ്തു.