തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള കരട് വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് ആരോപിച്ച് കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോര്പറേഷന് സെക്രട്ടറിയെ ഉപരോധിച്ചു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വോട്ടര്‍ പട്ടികയിലെ ക്രമക്കേടിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
പ്രതിഷേധവുമായി എത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആദ്യം സെക്രട്ടറിയുടെ മുറിയില്‍ കുത്തിയിരുന്നു. സെക്രട്ടറി ചര്‍ച്ചയ്ക്ക് തയാറായെങ്കിലും വിജയിച്ചില്ല. പൊലീസ് ബലം പ്രയോഗിച്ച് പുറത്തിറക്കിയെങ്കിലും ഓഫീസിന് മുന്നിലും യൂത്ത് ലീഗുകാര്‍ സമരം തുടര്‍ന്നു. സ്ഥലത്തെത്തിയ ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദുമായും വാക്കുതര്‍ക്കമായി.
സര്‍വകക്ഷിയോഗം ചേരാനിരിക്കെ ഈ രീതിയില്‍ പ്രതിഷേധിക്കുന്നത് ശരിയല്ലെന്ന് ഡെപ്യൂട്ടി മേയര്‍ ആരോപിച്ചു. പ്രഥമിക പരിശോധനയില്‍ ഒന്നരലക്ഷത്തിലധികം പേര് കരട് വോട്ടര്‍ പട്ടികയ്ക്ക് പുറത്താണെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ പറഞ്ഞു.