AI Image

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും വകവരുത്താനുള്ള യുവതിയുടെ പദ്ധതി പൊളിഞ്ഞു. ഉത്തര്‍പ്രദേശിലെ കരാരിയിലാണ് സംഭവം. ചപ്പാത്തിക്കുള്ള മാവില്‍ മാലതി ദേവിയെന്ന യുവതി വിഷം കലര്‍ത്തി കുഴച്ചുവെന്നാണ് പൊലീസ് പറയുന്നത്. 

ചപ്പാത്തി മാവില്‍ നിന്നും പതിവില്ലാത്ത ഗന്ധം ഉയര്‍ന്നതോടെ ഭര്‍ത്താവായ ബ്രിജേഷ്, മാവിനെന്തോ കുഴപ്പമുണ്ടല്ലോയെന്ന് ഭാര്യയോട് ചോദിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മാലതി താന്‍ വിഷം കലര്‍ത്തിയതായി സമ്മതിക്കുകയായിരുന്നു. ഇതോടെ ഭര്‍ത്താവ് വിവരം പൊലീസില്‍ അറിയിച്ചു.

മാലതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇതോടെ മാലതിയുടെ പിതാവ് കല്ലു പ്രസാദിന്‍റെയും സഹോദരന്‍ ബജ്​രംഗിയുടെയും പങ്ക് വ്യക്തമായി. മാലതിക്ക് വിഷം എത്തിച്ചു കൊടുത്തത് ഇവരാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് മാലതി, അച്ഛന്‍, സഹോദരന്‍ എന്നിവര്‍ക്കെതിരെ കൊലപാതക ശ്രമം, കുറ്റകരമായ ഗൂഢാലോചന എന്നിവ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു. കൂട്ടക്കൊലയ്ക്കായി മാലതി തയ്യാറാക്കിയ മാവടക്കം പൊലീസ് പിടികൂടി. ഇത് ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. 

ENGLISH SUMMARY:

A woman in Uttar Pradesh was arrested for attempting to poison her husband and his family by lacing chapati dough with poison. The plot was uncovered when her husband smelled something unusual. Her father and brother are also implicated for supplying the poison.