കോതമംഗലത്ത് കോണ്‍ഗ്രസ് നേതാവായ എഴുപതുകാരനെ ക്രൂരമായി മര്‍ദിച്ച് ഡിവൈഎഫ്ഐ നേതാവ്. നടുറോഡില്‍ നടന്ന മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. കോളജ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപ്പെട്ടതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.
രാവിലെ നെല്ലിക്കുഴി ജംക്ഷനില്‍ വെച്ചാണ് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് അസീസിനെ ഡിവൈഎഫ്ഐ മേഖല വൈസ് പ്രസിഡന്‍റ് അനീസ് കീപ്പുറത്ത് ആക്രമിച്ചത്. അസീസ് നടന്നുവരുന്നതും റോഡരികില്‍ നിന്ന് അനീസ് പാഞ്ഞടുക്കുന്നതും മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാരാട്ടെ ബ്ലാക്ക് ബെല്‍റ്റായ അനീസിന്‍റെ ആക്രമണം പ്രതിരോധിക്കാന്‍ അസീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നെ തുടരെ തുടരെ ആക്രമണം. അസീസ് രണ്ട് തവണ റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാര്‍ ഇടപ്പെട്ടാണ് അനീസിനെ പിടിച്ചുമാറ്റിയത്.
പരുക്കേറ്റ അസീസ് ആശുപത്രിയില്‍ ചികിത്സയിലാണ്. അസീസിന്‍റെ പരാതിയില്‍ കോതമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. നെല്ലിക്കുഴിയിലെ കോളജില്‍ കൊടിക്കെട്ടുന്നത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതില്‍ അനീസ് ഇടപ്പെട്ടതോടെ പ്രശ്നം വഷളാകുകയായിരുന്നു. അനീസിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.