കര്‍ണാടകയില്‍ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയത കേസില്‍ അധ്യാപകരും സുഹൃത്തും അറസ്റ്റില്‍. ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദ്രിയിലുള്ള സ്വകാര്യ കോളജിലെ രണ്ട് അധ്യാപകരും ഇവരുടെ സുഹൃത്തുമാണ് അറസ്റ്റിലായത്. വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയും ബെംഗളൂരുവിലെത്തിച്ചും പലതവണ ബലാല്‍സംഗം ചെയ്തതാണ് കേസ്.
പഠനത്തിനാവശ്യമായ നോട്ടുകള്‍ നല്‍കാമെന്ന വ്യാജേനയാണ് അധ്യാപകരില്‍ ഒരാളായ നരേന്ദ്ര പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു. നിരന്തരം സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിച്ച ഇയാള്‍ പെണ്‍കുട്ടിയെ ബെംഗളൂരുവില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തായ അനൂപിന്റെ മുറിയില്‍ വച്ച് ക്രൂര ബലാല്‍സംഗത്തിനിരയാക്കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ പകര്‍ത്തുകയും എന്താണ് സംഭവിച്ചതെന്ന് ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
നരേന്ദ്രയോടൊപ്പമുള്ള പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് അതേ കോളജിലെ മറ്റൊരു അധ്യാപകനായ സന്ദീപ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നത്. അനൂപിന്റെ വീട്ടില്‍ വച്ച് തന്നെയായിരുന്നു സന്ദീപും പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കിയത്. തുടര്‍ന്ന് ഇരുവരുടേയും സുഹൃത്തായ അനൂപും ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
ഒരുമാസം മുന്‍പാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. കടുത്ത മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് കർണാടക സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. വനിതാ കമ്മിഷന്റെ നിര്‍ദേശപ്രകാരം മാറത്തഹള്ളി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയായ നരേന്ദ്ര പെണ്‍കുട്ടി പഠിക്കുന്ന കോളജിലെ ഫിസിക്സ് അധ്യാപകനും സന്ദീപ് ബയോളജി അധ്യാപകനുമാണ്.