TOPICS COVERED

16 കോടിയുടെ കൊക്കെയ്ൻ കാപ്സ്യൂളുകള്‍ അകത്താക്കി കടത്തിയ വിദേശികള്‍ കൊച്ചിയില്‍ പിടിയില്‍. ഇവരുടെ  വയറിളക്കി പുറത്ത് എടുത്തത് ഒന്നും രണ്ടുമല്ല 163 ഗുളികകള്‍. വെള്ളിയാഴ്ച എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായ് വഴി എത്തിയ ബ്രസീല്‍ സ്വദേശികളായ ലൂക്കാസ് ബാറ്റിസ്റ്റ, ഭാര്യ ബ്രൂണ ഗബ്രിയല്‍ എന്നിവരാണ് കൊക്കെയ്ന്‍ വിഴുങ്ങി കടത്തിക്കൊണ്ടുവന്നത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കൊച്ചി വിമാനത്താവളത്തിലെത്തി ഇവരെ പിടികൂടുകയായിരുന്നു. ഏറെ അപകടകരമായ രീതിയിലുള്ള ലഹരിക്കടത്താണിത്. ശരീരത്തിനുള്ളില്‍ വെച്ച് ഈ കാപ്സ്യൂളുകള്‍ പൊട്ടിയാല്‍ മരണം വരെ സംഭവിച്ചേക്കാം. മയക്കുമരുന്ന് ഗുളികകളുടെ പുറത്ത് പ്ലാസ്റ്റിക് ആവരണമുണ്ട്. അതിനാല്‍ ഇത് വയറ്റിലെത്തിയാലും പൊട്ടാന്‍ ഇടയില്ല. ഈ ധൈര്യത്തിലാണ് മയക്കുമരുന്ന് കാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി കടത്തുന്നത്. 

ഗുളികകള്‍ കൊക്കെയ്നാണെന്നും ഡിആര്‍ഐ സ്ഥിരീകരിച്ചു. രണ്ടുപേരും ചേര്‍ന്ന് മൊത്തം 1670 ഗ്രാം കൊക്കെയ്നാണ് കടത്തിക്കൊണ്ടുവന്നത്. ഇതിന് 16 കോടി രൂപ വില വരും.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ച് പഴങ്ങളും പച്ചക്കറികളും കൂടുതലായി നല്‍കി വയറിളക്കി ലഹരി ഗുളികകള്‍ പുറത്തെടുക്കുകയായിരുന്നു. ചൊവ്വാഴ്ച വീണ്ടും എക്‌സ്റേ എടുത്ത് വയറ്റില്‍ ഗുളികകള്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം ഇവരെ ആശുപത്രിയില്‍നിന്ന് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തി. 

ENGLISH SUMMARY:

Two Brazilian nationals, Lucas Batista and his wife Bruna Gabriel, were arrested at Kochi Airport after attempting to smuggle cocaine worth ₹16 crore by swallowing 163 capsules. They arrived on an Emirates Airlines flight via Dubai on Friday