ബംഗ്ലുരുവില്‍ നിന്ന് ചാലക്കുടിയിലേക്ക് രാസലഹരി കടത്തിയ രണ്ടു യുവതികള്‍ അറസ്റ്റില്‍. രാസലഹരി കൈപ്പറ്റാന്‍ വന്ന മൂന്നു യുവാക്കളേയും കയ്യോടെ പിടികൂടി. 57 ഗ്രാം എം.ഡി.എം.എ. യുവതികളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.
തൃശൂര്‍ റൂറല്‍ പൊലീസിന്‍റെ വിവിധ പ്രദേശങ്ങളില്‍ രാസലഹരി വരുന്നതായി എസ്.പി.: ബി.കൃഷ്ണകുമാറിന് രഹസ്യവിവരം കിട്ടിയിരുന്നു. അങ്ങനെയാണ്, പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ചാലക്കുടി ഡിവൈ.എസ്.പി: വി.കെ.രാജുവും സംഘവും ആദ്യം ചെയ്തത് രാസലഹരി വില്‍പന നടത്തുന്നവരുടെ മൊബൈല്‍ ഫോണ്‍ നിരീക്ഷണമാണ്. ഇവര്‍ സ്ഥിരമായി ഫോണില്‍ സംസാരിക്കുന്ന രണ്ടു യുവതികളെ തിരിച്ചറിഞ്ഞു. ഈ യുവതികളുടെ ടവര്‍ ലൊക്കേഷന്‍ കഴിഞ്ഞ ദിവസം രാത്രി ബംഗ്ലുരുവായിരുന്നു. അര്‍ധരാത്രി നോക്കുമ്പോള്‍ കേരളത്തിലേയ്ക്കുള്ള യാത്രയാണെന്ന് മനസിലായി.
തൃശൂര്‍ റൂറല്‍ പൊലീസിന്‍റെ ലഹരിവിരുദ്ധ സേന ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ മേഖലകളില്‍ പലയിടത്തായി നിലയുറപ്പിച്ചു. യുവതികളുടെ വരവ് ചാലക്കുടിയിലേയ്ക്കാണെന്ന് മനസിലായതോടെ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ് വളഞ്ഞു. അങ്ങനെയാണ്, രണ്ടു യുവതികളേയും പിടികൂടിയത്. കോട്ടയം വൈക്കം സ്വദേശികളായ മുപ്പത്തിമൂന്നുകാരി വിദ്യ, മുപ്പത്തിയൊന്നുകാരി ശാലിനി എന്നിവരായിരുന്നു ആ യുവതികള്‍. വിദ്യ ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്നു. ശാലിനിയ്ക്കു രണ്ടു മക്കളുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്.
രാസലഹരി കൈപ്പറ്റാന്‍ വന്ന കയ്പമംഗലം സ്വദേശി ഷിനാജ്, അജ്മല്‍, അജു എന്നിവരേയും കയ്യോടെ അറസ്റ്റ് ചെയ്തു. ഈ രാസലഹരി കച്ചവടത്തിന്‍റെ സൂത്രധാരന്‍ ഷിനാജ് ആണ്. യുവതികള്‍ക്ക് എം.ഡി.എം.എ. ഒറ്റത്തവണ ബംഗ്ലുരുവില്‍ നിന്ന് എത്തിച്ചാല്‍ അയ്യായിരം രൂപ വീതം കമ്മിഷന്‍. രണ്ടു യുവതികളും രാസലഹരി സ്ഥിരമായി ഉപയോഗിക്കുന്നവര്‍ കൂടിയാണ്. കെ.എസ്.ആര്‍.ടി.സി ബസിലാണ് ലഹരിക്കടത്ത് നടത്തിയത്. ഷിനാജ് നേരത്തെ ലഹരിക്കടത്തിന് പിടിക്കപ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ് .