ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തിയ കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേരെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം സ്വദേശി ബോവ്സ് വർഗീസ്, ആലപ്പുഴ സ്വദേശി വിന്ധ്യ എന്നിവരാണ് കഴിഞ്ഞ ദിവസം പുലർച്ചയോടെ പിടിയിലായത്. ഇവരിൽനിന്ന് 88 ഗ്രാം മെത്താഫെറ്റമിൻ (Methamphetamine) പിടിച്ചെടുത്തു.

നേരത്തെ ഒക്ടോബർ 7-ന് 88 ഗ്രാം മെത്താഫെറ്റമിനുമായി വയനാട് സ്വദേശിയായ ജോബിൻ ജോസ് പിടിയിലായ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റ്. കൊച്ചിയിൽ വീട് വാടകയ്ക്കെടുത്ത് ലഹരിവസ്തുക്കൾ സൂക്ഷിച്ച ശേഷം ഇടപാടുകാർക്ക് എത്തിച്ചുനൽകുകയായിരുന്നു ജോബിൻ ജോസിന്റെ പതിവ്.

ഒന്നാം പ്രതിയായ ജോബിൻ ജോസിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ ലഹരിക്കടത്ത് ശൃംഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന നിർണായക വിവരം പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ബോവ്സ് വർഗീസും വിന്ധ്യയും പിടിയിലായത്.

ബെംഗളൂരുവിൽ പോയി ലഹരിമരുന്ന് വാങ്ങുന്നതും, അത് കേരളത്തിലേക്ക് കടത്തുന്നതും, തുടർന്ന് കൊച്ചിയിൽവെച്ച് ഇടപാടുകാർക്ക് വിതരണം ചെയ്യുന്നതും ഇവരെല്ലാവരും ചേർന്നായിരുന്നു. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇവർ വലയിലായത്. നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിലായിട്ടുണ്ട്. ഈ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Kochi drug case: Two individuals, including a woman, were arrested in Kadavanthra for smuggling drugs from Bangalore to Kochi. The arrest, involving the seizure of 88 grams of methamphetamine, is linked to a previous case where another individual was apprehended with a similar quantity of the drug.