കൊച്ചി എളംകുളത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു ലഹരിമാഫിയ സംഘത്തെ കുടുക്കി ഡാന്‍സാഫ് സംഘം. മാരക ലഹരിമരുന്നായ എക്സ്റ്റസി പില്‍ലും, എംഡിഎംഎയും കഞ്ചാവും യുവതിയടക്കം നാലംഗസംഘം താമസിച്ച ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തി. പൊലീസിന് കണ്ട് ലഹരിമരുന്ന് ശുചിമുറിയിലെറിഞ്ഞ് കളയാനും സംഘം ശ്രമിച്ചു.
എളംകുളം മെട്രോസ്റ്റേഷന് സമീപത്തെ ഈസ് ലാന്‍ഡ് എന്‍ക്ലേവിലെ 201 നമ്പര്‍ മുറി കേന്ദ്രീകരിച്ചായിരുന്നു ലഹരിമാഫിയ സംഘത്തിന്‍റെ പ്രവര്‍ത്തനം. കോഴിക്കോട് സ്വദേശികളായ എസ്.കെ. ദിയ, അബു ഷാമില്‍ എന്നിവര്‍ എട്ട് മാസം മുന്‍പാണ് ഫ്ലാറ്റ് വാടകയ്ക്കെടുത്തത്. തിങ്കളാഴ്ച രാത്രി രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം മെട്രോ സ്റ്റേഷന് സമീപത്ത് പരിശോധനയ്ക്കെത്തിയത്. ഈസ് ലാന്‍ഡ് എന്‍ക്ലേവിന് മുന്നില്‍ സംശയകരമായി കണ്ട മലപ്പുറം സ്വദേശികളായ ഷാമില്‍, ഫിജാസ് മുഹമ്മദ് എന്നിവരെ ചോദ്യം ചെയ്തു. ലഹരിഉപയോഗിച്ചിരുന്ന ഇരുവരും ഉദ്യോഗസ്ഥര്‍ക്ക് നേരെ തട്ടിക്കയറി. ഇതോടെയാണ് യുവാക്കളുടെ താമസസ്ഥലം പരിശോധിക്കാനുള്ള തീരുമാനം. യുവാക്കളുമായെത്തിയ പൊലീസ് 201ാം നമ്പര്‍ ഫ്ലാറ്റില്‍ തട്ടിയതോടെ ദിയയും, അബുവും വാതില്‍ തുറന്നെങ്കിലും പൊലീസാണെന്നറിഞ്ഞതോടെ വാതിലടയ്ക്കാന്‍ ശ്രമം. ബലപ്രയോഗത്തിലൂടെയാണ് നര്‍കോട്ടിക്സ് എസിപി അബ്ദുല്‍സലാമും സംഘവും ഫ്ലാറ്റില്‍ പ്രവേശിച്ചത്. ഇതോടെ മേശപ്പുറത്തിരുന്ന ലഹരിമരുന്നുകള്‍ ശുചിമുറിയിലേക്കെറിഞ്ഞ് നശിപ്പിക്കാന്‍ ദിയയുടെ ശ്രമം. ഉടന്‍ തന്നെ ഡാന്‍സാഫ് സംഘം ലഹരിമരുന്ന് കൈക്കലാക്കി. 115 ഗ്രാം എംഡിഎംഎ, വിദേശത്തു നിന്നെത്തിച്ച പലനിറത്തിലുള്ള എക്സറ്റസി പില്ലുകള്‍, രണ്ട് ഗ്രാം കഞ്ചാവുമാണ് ഉണ്ടായിരുന്നത്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷര്‍, രാസലഹരി ഉപയോഗിക്കാനുള്ള ഒന്നിലേറെ ഉപകരണങ്ങളും മുറിയില്‍ നിന്ന് കണ്ടെത്തി. ലഹരിമരുന്ന് ഇടപാടുകാര്‍ക്ക് കൈമാറാന്‍ ചെറിയ കവറുകളിലേക്ക് പായ്ക്ക് ചെയ്യുന്നതിനിടെയാണ് സംഘം കുടുങ്ങിയത്. ലഹരിവില്‍പനയിലൂടെ ലഭിച്ച ഒന്നേമുക്കാല്‍ ലക്ഷം രൂപയും ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തി. എംബിഎം,ബിടെക്, വിദ്യാഭ്യാസമുള്ള പ്രതികള്‍ കൊച്ചിയില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയാണ്. മലപ്പുറം സ്വദേശികളായ ഷാമിലും ഫിജാസും രണ്ടാഴ്ച മുന്‍പാണ് ദിയയുടെ ഫ്ലാറ്റിലേക്ക് താമസംമാറിയത്. ഇവരില്‍ നിന്ന് പിടികൂടി എക്സ്റ്റസി പില്‍സിന് ലക്ഷങ്ങളാണ് വില. ഡാന്‍സാഫിന്‍റെ സമീപകാലത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണ് എളംകുളത്തേത്.