TOPICS COVERED

കൊച്ചി മേയർ സ്ഥാനത്തേയ്ക്ക് അവകാശവാദമുന്നയിച്ച് ലത്തീൻ സമുദായം. കൗൺസിലർമാരുടെ എണ്ണം കണക്കിലെടുത്താൽ ഈ ആവശ്യം കോൺഗ്രസ് അംഗീകരിക്കണമെന്ന് സമുദായ സംഘടനാ നേതൃത്വം മനോരമ ന്യൂസിനോട് പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ തീരമേഖലയിലെ പ്രകടനം ലക്ഷ്യമിട്ട് ഈ ആവശ്യത്തെ കോൺഗ്രസിലെ ജനപ്രതിനിധികൾ അടക്കം ഒരു വിഭാഗം നേതാക്കൾ പിന്തുണയ്ക്കുന്നു.

കൊച്ചി കോർപറേഷനിലെ 76 ഡിവിഷനുകളിൽ നിന്ന് വിജയിച്ചവരിൽ 26 പേർ ലത്തീൻ സമുദായത്തിൽ നിന്നാണ്. യുഡിഫിൽ 18 പേരും എൽഡിഎഫിൽ 7 പേരും യുഡിഎഫ് വിമതനും. ആലപ്പുഴ, കൊച്ചി, വരാപ്പുഴ രൂപതകളുടെ സ്വാധീന മേഖലകൾ ഉൾപ്പെടുന്ന കൊച്ചി കോർപറേഷനെ നയിക്കാൻ ലത്തീൻ സമുദായത്തിൽ നിന്നുള്ള നേതാവ് വേണമെന്നാണ് ആവശ്യം. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.

മേയർ സ്ഥാനത്തേയ്ക്ക് ഉയർന്നുവരുന്ന പേരുകളിൽ വി.കെ മിനിമോളും ഷൈനി മാത്യുവും ലത്തീൻ സമുദായത്തിൽ നിന്നാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയുടെ ഉൾപ്പെടെ തീരമേഖലയിൽ കോൺഗ്രസിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. മേയറെ നിശ്ചയിക്കുമ്പോൾ ഇക്കാര്യം പരിഗണിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ വാദിക്കുന്നു. സാമുദായിക പരിഗണനയും രാഷ്ട്രീയത്തിലെ സീനിയോറിറ്റിയും ഗ്രൂപ്പുകളുടെ സ്വാധീനവുമെല്ലാം പരിഗണിച്ചാകും മേയറെ തീരുമാനിക്കുക. മേയർ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നായാൽ ഡപ്യൂട്ടി മേയറുടെ കാര്യത്തിൽ സാമുദായിക സന്തുലനം പാലിക്കേണ്ടിവരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് സമവായ ചർച്ചകൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ENGLISH SUMMARY:

Kochi Mayor election focus is on the Latin community's claim. The community is asserting its right to the Kochi Mayor position, citing their significant representation among the elected councilors.