ഗര്‍ഭം അലസിപ്പിച്ചതില്‍ മുന്‍കാമുകിയെ കഴുത്തറുത്ത് കൊന്ന് യുവാവ്. ഗര്‍ഭഛിദ്രം നടത്താന്‍ യുവതിയെ സഹായിച്ച സുഹൃത്തിനോടുള്ള പ്രതികാരമെന്നോണം, സുഹൃത്തിന്‍റെ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും നിഖില്‍ കമാറെന്നയാള്‍ കഴുത്തറുത്ത് കൊന്നു. ചൊവ്വാഴ്ചയാണ് ഡല്‍ഹിയെ നടക്കുന്ന സംഭവമുണ്ടായത്. നിഖിലെ പൊലീസ് അറസ്റ്റ് ചെയ്തു.
ആര്യയെന്ന 22കാരിയാണ് കൊല്ലപ്പെട്ടത്. ആര്യയും നിഖിലും 2023ലാണ് ഹല്‍ദ്വാനിയില്‍ വച്ച് കണ്ടുമുട്ടിയത്. പ്രണയത്തിലായ ഇരുവര്‍ക്കും 2024 ല്‍ ഒരു കുഞ്ഞും ജനിച്ചു. പ്രസവത്തിന് പിന്നാലെ ഈ കുട്ടിയെ ഉത്തരാഖണ്ഡില്‍ എത്തിച്ച് ഇരുവരും വിറ്റു. പിന്നീട് ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയെന്ന് പൊലീസ് പറയുന്നു. നിഖില്‍ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ആര്യ ബന്ധത്തില്‍ നിന്ന് പിന്‍മാറിയെന്നും സുഹൃത്തായ രശ്മിക്കും ഭര്‍ത്താവ് ദുര്‍ഗേഷിനുമൊപ്പം താമസം ആരംഭിച്ചുവെന്നും പൊലീസ് കണ്ടെത്തി. നിഖിലുമായുള്ള ബന്ധത്തില്‍ ഇതിനിടെ ആര്യ ഗര്‍ഭിണിയായെന്നും ഇത് അലസിപ്പിക്കാന്‍ ദുര്‍ഗേഷ് കൂട്ട് നിന്നുവെന്നും നിഖില്‍ അറിഞ്ഞതാണ് കൊലയ്ക്ക് കാരണമായത്.
നിസാര കാര്യങ്ങള്‍ക്ക് പോലും ആര്യയെ നിഖില്‍ മര്‍ദിച്ചിരുന്നുവെന്നും നിഖിലിന്‍റെ കുടുംബാംഗങ്ങള്‍ക്കെല്ലാം ഇക്കാര്യം അറിയാമെന്നും ആര്യയുടെ സഹോദരി പറയുന്നു. പീഡനം സഹിക്കാന്‍ വയ്യാതെ ആയതോടെയാണ് ആര്യ മാറിത്താമസിക്കാന്‍ തുടങ്ങിയത്. ഇതോടെ ആര്യയുമായുള്ള സ്വകാര്യനിമിഷങ്ങളുടെ ചിത്രങ്ങള്‍ നിഖില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ തുടങ്ങി. പിന്നാലെ ആര്യ പൊലീസില്‍ പരാതിയും നല്‍കി. ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ പൊലീസ് നിഖിലിനോട് ആവശ്യപ്പെടുകയും ചെയ്തു.
വൈരാഗ്യം മൂത്ത നിഖില്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്നതരം ബ്ലേഡുമായി ദുര്‍ഗേഷിന്‍റെ വീട്ടിലെത്തുകയും ആര്യയെയും ദുര്‍ഗേഷിന്‍റെ ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കഴുത്തറുത്ത് കൊല്ലുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു.