ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി മലേഷ്യൻ സൗന്ദര്യ റാണിയും നടിയും ടെലിവിഷന്‍ അവതാരകയുമായ  ലിഷാല്ലിനി കനാരന്‍. മലേഷ്യയിലെ ഒരു ഹിന്ദുക്ഷേത്രത്തിലെ ഇന്ത്യക്കാരനായ പൂജാരി തനിക്കെതിരെ അതിക്രമം നടത്തിയെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി വെളിപ്പെടുത്തിയത്. അനുഗ്രഹം നല്‍കാനെന്ന വ്യാജേനയാണ് പുരോഹിതന്‍ മോശമായി ശരീരത്തില്‍ സ്പര്‍ശിച്ചത്. അതിനുമുന്‍പായി ഇന്ത്യയില്‍ നിന്ന് കൊണ്ട് വന്ന വിശുദ്ധ ജലം എന്നവകാശപ്പെട്ട ദ്രാവകം ശരീരത്തിലേക്ക് തളിച്ചതായും നടി പറഞ്ഞു. സെപാങ്ങിലെ മാരിയമ്മന്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു സംഭവമെന്നും പോസ്റ്റില്‍ വെളിപ്പെടുത്തുന്നു.

അമ്മ ഇന്ത്യയിലായിരുന്നതിനാൽ ജൂൺ 21 ന് സെപാങ്ങിലെ മാരിയമ്മൻ ക്ഷേത്രത്തിൽ താൻ ഒറ്റയ്ക്കാണ് ദർശനം നടത്തിയിരുന്നതെന്ന് ലിഷാല്ലിനി പറഞ്ഞു. ‘ക്ഷേത്രാചാരങ്ങളിൽ പരിചയമില്ലാത്തതിനാൽ മാർഗനിർദേശത്തിനായി സാധാരണയായി പുരോഹിതനെയാണ് ആശ്രയിക്കാറ്. അതുകൊണ്ട് തന്നെ പുരോഹിതന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാറുണ്ട്.’ പ്രാർത്ഥനകൾ പൂർത്തിയാക്കിയ ശേഷം, പുരോഹിതൻ ഏകദേശം 90 മിനിറ്റ് കാത്തിരുന്നു, തുടർന്ന് അനുഗ്രഹത്തിനായി സ്വകാര്യ ഓഫീസിലേക്ക് തന്നെ അനുഗമിക്കാൻ ആവശ്യപ്പെട്ടതായും നടി പറയുന്നു.

‘ഓഫീസിനുള്ളിലെത്തിയപ്പോള്‍ പുരോഹിതൻ പുഷ്പ സത്ത് എന്ന് വിശേഷിപ്പിച്ച ശക്തമായ മണമുള്ള ഒരു ദ്രാവകം വിശുദ്ധ ജലത്തിലേക്ക് ഒഴിച്ചു, അത് ഇന്ത്യയിൽ നിന്ന് കൊണ്ടുവന്നതാണെന്നും സാധാരണക്കാർക്ക് നൽകുന്നതല്ലെന്നും പറഞ്ഞ് ശരീരത്തില്‍ തളിക്കാന്‍ തുടങ്ങി.  അത് വീണതോടെ കണ്ണുകൾ തുറക്കാൻ കഴിഞ്ഞില്ല. തുടര്‍ന്ന്  അയാള്‍ വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ ശകാരിക്കാന്‍ തുടങ്ങുകയും പിന്നിലൂടെ ബ്ലൗസിലും അടിവസ്ത്രത്തിലും കൈവയ്ക്കുകയും ചെയ്തു’

ശരീരത്തില്‍ മുറുക്കിപ്പിടിച്ച ആയാള്‍ വഴങ്ങിക്കൊടുത്താല്‍ അനുഗ്രഹം ലഭിക്കുമെന്ന് പറഞ്ഞതായും നടി വെളിപ്പെടുത്തി. അയാളുടെ പ്രവൃത്തി തെറ്റാണെന്ന് മനസ്സിലാകുന്നുണ്ടെങ്കിലും ആ സമയത്ത് തനിക്ക് അനങ്ങാനോ സംസാരിക്കാനോ കഴിയാതെ മരവിച്ചുപോയെന്നും അത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും നടി പറഞ്ഞു. ഇന്ത്യയില്‍നിന്ന് അമ്മ മടങ്ങിവന്നശേഷം നടന്ന കാര്യങ്ങള്‍ പറഞ്ഞതോടെ അമ്മ കുടുംബത്തിലെ മറ്റുള്ളവരെ അറിയിക്കുകയും തുടര്‍ന്ന് ജൂലൈ 4 ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. 

ക്ഷേത്രത്തിലെ സ്ഥിരം പുരോഹിതന്‍ വിദേശത്തായതിനാൽ താൽക്കാലികമായി ആ സ്ഥാനം വഹിച്ചിരുന്ന ആളാണ് നടിയോട് മോശമായി പെരുമാറിയതെന്ന് സെപാങ് പോലീസ് മേധാവി നോര്‍ഹിസാം ബഹാമന്‍ പറഞ്ഞു. വിവരം ആരോ പൂജാരിയെ അറിയിച്ചതായും അയാള്‍ നാടുവിട്ടതായും പൊലീസ് പറഞ്ഞു. പൂജാരിക്ക്‌ വേണ്ടി മലേഷ്യന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം. 2021 ലെ മിസ് ഗ്രാന്‍ഡ് മലേഷ്യ പട്ടം നേടിയ താരം കൂടിയാണ് പരാതിക്കാരിയായ ലിഷാല്ലിനി കനാരന്‍.

ENGLISH SUMMARY:

Malaysian beauty queen, actress, and television host Lishalliny Kanaran has accused a temple priest of sexual misconduct. In an Instagram post, she revealed that an Indian priest at a Hindu temple in Malaysia allegedly molested her under the guise of giving a blessing. The actress stated that the priest inappropriately touched her body while pretending to bless her. She also mentioned that before this, the priest sprinkled a liquid on her, claiming it was holy water brought from India. The incident reportedly took place at the Mariamman Temple in Sepang, Malaysia