TOPICS COVERED

ഉത്തർപ്രദേശിലെ അസംഗഢിൽ കുട്ടികളുണ്ടാകാൻ മന്ത്രവാദ ചടങ്ങിന് വിധേയയായ 35 വയസ്സുകാരിക്ക് ദാരുണാന്ത്യം. പഹൽവാൻപൂർ ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അനുരാധ എന്ന യുവതിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക മന്ത്രവാദിയായ ചന്ദു പോലീസിൽ കീഴടങ്ങി.

വിവാഹിതയായി 10 വർഷമായിട്ടും കുട്ടികളുണ്ടാകാതിരുന്നതിനെ തുടർന്നാണ് അനുരാധ ആത്മീയ മാർഗ്ഗങ്ങളിലൂടെ സ്ത്രീകളെ അമ്മയാക്കാൻ സഹായിക്കുമെന്ന് അവകാശവാദം ഉന്നയിച്ചിരുന്ന ചന്ദുവിനെ സമീപിച്ചത്. മന്ത്രവാദത്തിനിടെ അനുരാധയ്ക്ക് പ്രേതബാധയുണ്ടെന്ന് ചന്ദു ആരോപിക്കുകയും അത് മന്ത്രവാദത്തിലൂടെ മാറ്റാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

എന്നാൽ മന്ത്രവാദ ചടങ്ങ് ക്രൂരമായ രീതിയിലേക്ക് നീങ്ങുകയായിരുന്നു. മന്ത്രവാദി അനുരാധയുടെ വായിലും കഴുത്തിലും അമർത്തുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തു. പിന്നീട് കക്കൂസിലെ മലിനജലം കുടിപ്പിക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. അനുരാധയുടെ അമ്മ ഇത് തടയാൻ ശ്രമിച്ചെങ്കിലും മന്ത്രവാദി വഴങ്ങിയില്ല. ക്രമേണ അനുരാധയുടെ നില വഷളാകുകയായിരുന്നു.

ഉടൻതന്നെ മന്ത്രവാദിയും കൂട്ടാളികളും ചേർന്ന് അനുരാധയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം ഉപേക്ഷിച്ച് മന്ത്രവാദിയും കൂട്ടരും ആശുപത്രി വിട്ടു. പിന്നീട് യുവതിയുടെ കുടുംബം മൃതദേഹം ഗ്രാമത്തിൽ തിരിച്ചെത്തിക്കുകയും, സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു.

അനുരാധയുടെ പിതാവിൻ്റെ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിൽ മന്ത്രവാദത്തിനായി ഒരു ലക്ഷം രൂപയുടെ കരാറുണ്ടായിരുന്നെന്നും, അഡ്വാൻസ് തുകയായി 22,000 രൂപ കൈപ്പറ്റിയിരുന്നെന്നും കണ്ടെത്തി. നിലവിൽ ചന്ദു പോലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ കൂട്ടാളികൾക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ENGLISH SUMMARY:

A 35-year-old woman died tragically in Asangadh, Uttar Pradesh, after undergoing a black magic ritual intended to help her conceive children. The incident took place on Sunday evening in Pahalwanpur village. The deceased woman has been identified as Anuradha. Following the incident, the local occult practitioner, Chandu, has surrendered to the police.