File Image Credit: PBS
കോംഗോയിലെ ആശുപത്രിയില്‍ ഐഎസ് പിന്തുണയുള്ള എഡിഎഫ് നടത്തിയ ഭീകരാക്രമണത്തില്‍ സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പടെ 17 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ കോംഗോയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. നോര്‍ത്ത് കിവു പ്രവിശ്യയുമായി അതിര്‍ത്തി പങ്കിടുന്ന ബ്യാംവെ ഗ്രാമത്തിലാണ് ഭീകരരുടെ അക്രമം. ആശുപത്രിക്കിടക്കയിലിരുന്ന് കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടിക്കൊണ്ടിരുന്ന സ്ത്രീകളെയടക്കമാണ് ഭീകരര്‍ കഴുത്തറുത്ത് കൊന്നത്. മരിച്ച 17 പേരില്‍ 11 ഉം സ്ത്രീകളാണെന്ന് കേണല്‍ അലയ്ന്‍ കീവിവ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു.
മറ്റു ഗ്രാമങ്ങളും ഭീകരര്‍ ആക്രമിച്ചിട്ടുണ്ട്.അതേസമയം ഇവിടെ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന കണക്കുകള്‍ പുറത്തുവന്നിട്ടില്ല. നേരത്തെയും കിഴക്കന്‍ കോംഗോയില്‍ എഡിഎഫും റുവാണ്ടയുടെ പിന്തുണയുള്ള M23എന്ന ഭീകര സംഘടനയും ആക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. 2023 മുതലാണ് ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറ് പ്രഖ്യാപിച്ച് എഡിഎഫ് കോംഗോയില്‍ അക്രമം നടത്താന്‍ തുടങ്ങിയത്. സാധാരണക്കാരെയാണ് പലപ്പോഴും ഇവര്‍ കൂട്ടത്തോടെ കൊന്നടുക്കുന്നതും. ഓഗസ്റ്റില്‍ 52 പേരാണ് എഡിഎഫിന്‍റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെന്നാണ് യുഎന്‍ സമാധാന സേനയുടെ റിപ്പോര്‍ട്ട്. ജൂലൈയില്‍ ഇറ്റുറിയെന്ന സ്ഥലത്ത് എഡിഎഫ് 40 പേരെയും വകവരുത്തി. കത്തോലിക്കാ പള്ളിയില്‍ കുര്‍ബാനയ്ക്കെത്തിയവര്‍ക്ക് നേരെയായിരുന്നു അന്ന് ഭീകരാക്രമണം ഉണ്ടായത്. സ്ത്രീകളെയും കുട്ടികളെയുമാണ് അന്നും തിരഞ്ഞ് പിടിച്ച് കൊന്നത്.
1990കളുടെ അവസാനത്തില്‍ യുഗാണ്ടയിലാണ് എഡിഎഫ് എന്ന ഭീകര സംഘടനയുടെ രൂപീകരണം. 2002 യുഗാണ്ടയില്‍ സൈന്യം പിടിമുറുക്കിയതോടെ ഭീകരര്‍ കോംഗോയിലേക്ക് താവളം മാറ്റുകയും സാധാരണക്കാരെ ലക്ഷ്യമിടുകയുമായിരുന്നു.