ആറന്മുള വള്ളസദ്യ ബുക്ക് ചെയ്ത് കച്ചവടത്തിന് ഒരുങ്ങിയ ടൂർ ഓപ്പറേറ്റർമാരെ കണ്ടെത്തി പള്ളിയോട സേവാസംഘം. ആൾക്കാരിൽ നിന്ന് പണം വാങ്ങി ഭക്തരെന്ന മട്ടിൽ വള്ളസദ്യയിൽ പങ്കെടുപ്പിക്കാൻ ആയിരുന്നു ശ്രമം. അങ്ങനെയുള്ള ബുക്കിങ്ങുകൾ തിരിച്ചറിഞ്ഞതോടെ പള്ളിയോട സേവാ സംഘം നടപടി തുടങ്ങി. അടുത്ത ഞായറാഴ്ചയാണ് ഈ വർഷത്തെ വള്ളസദ്യ തുടങ്ങുന്നത്
ഭക്തർക്ക് വഴിപാട് സമർപ്പിക്കാനുള്ളതാണ് ആറന്മുള വള്ളസദ്യ . സദ്യക്കുള്ള അവകാശം പള്ളിയോട സേവാ സംഘത്തിനും. ബുക്ക് ചെയ്താൽ 120 കൂപ്പൺ വഴിപാടുകാരനും 120 കൂപ്പൺ പള്ളിയോടങ്ങൾക്കുമാണ്. കൂപ്പൺ ഉള്ളവർക്കേ വള്ളസദ്യയിൽ പങ്കെടുക്കാൻ കഴിയൂ. എന്നാൽ എറണാകുളം കേന്ദ്രീകരിച്ചുള്ള ചില ടൂർ ഓപ്പറേറ്റർമാർ വള്ളസദ്യ ബുക്ക് ചെയ്ത് പണം വാങ്ങി ആൾക്കാരെ കൊണ്ടുവരാൻ തുടങ്ങി. ഇത്തരത്തിലുള്ള ചില പരസ്യങ്ങളും പള്ളിയോട സേവാ സംഘത്തിൻറെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ മുൻ വർഷത്തെ ചില ഇടപാടുകൾ കൂടി ശ്രദ്ധിച്ച് പള്ളിയോട സേവാ സംഘം ഇടപെട്ടു. അത്തരം ബുക്കിങ്ങുകൾ റദാക്കി
ഇത്തവണ നാനൂറോളം വള്ളസദ്യകൾ ബുക്കിങ് ആയി കഴിഞ്ഞു. വരുംദിവസങ്ങളിൽ കർശനമായ നിരീക്ഷണം തുടരും. സദ്യയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പള്ളിയോട സേവാ സംഘവുമായി ബന്ധപ്പെടാം. വള്ളസദ്യയിൽ പങ്കെടുക്കാൻ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസവും ഉണ്ട്. നാളെ രാവിലെ വള്ളസദ്യയുടെ പാചകത്തിനായി അടുപ്പിൽ അഗ്നിപകരും