ബത്തേരി ഹേമചന്ദ്രന്‍ കൊലക്കേസില്‍ മുഖ്യ പ്രതി നൗഷാദ് അറസ്റ്റില്‍. ഹേമചന്ദ്രനെ കൊന്നിട്ടില്ലെന്നും ആത്മഹത്യ ചെയ്തതാണെന്നുമുള്ള വാദം നൗഷാദ് പൊലീസിനോട് ആവര്‍ത്തിച്ചു. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. 

യു.എ.ഇ യില്‍ നിന്ന് നെടുമ്പാശേരില്‍ വിമാനം ഇറങ്ങേണ്ട നൗഷാദ് അന്വേഷണ സംഘത്തിന്‍റെ കണ്ണു വെട്ടിക്കാനായാണ് ബംഗലൂരുവില്‍ എത്തിയത്. വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ വിഭാഗം നൗഷാദിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച നൗഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഹേമചന്ദ്രനെ കൊലപ്പെടുത്തിയിട്ടില്ലെന്ന മുന്‍ നിലപാടില്‍ തന്നെ നൗഷാദ് ഉറച്ചു നില്‍ക്കുകയാണ്. ബത്തേരിയിലെ വീട്ടില്‍ വച്ച് ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്തതാണെന്ന് നൗഷാദ് പൊലീസിനോട് പറഞ്ഞു. നേരത്തെ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച വീഡിയോയിലും ഇതേ കാര്യം തന്നെയാണ് നൗഷാദ് പറഞ്ഞത്. 

2024 മാര്‍ച്ച് 20നാണ് ബത്തേരി സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട് നിന്ന് നൗഷാദും സംഘവും കടത്തികൊണ്ടു പോയത്. സാമ്പത്തിക തര്‍ക്കമായിരുന്നു കാരണം. ബത്തേരിയിലെ വീട്ടിലെത്തിച്ച് ഹേമചന്ദ്രനെ മര്‍ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവം നടന്ന് ഒന്നര വര്‍ഷത്തോളമാകുമ്പോഴാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ മറവു ചെയ്ത ഹേമചന്ദ്രന്‍റെ മൃതദേഹം  ചേരമ്പാടിയിലെ വനത്തില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഹേമ ചന്ദ്രന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും നേരത്തെ പിടിയിലായ പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ അന്വേഷണ സംഘത്തിന്  ലഭിച്ചിരുന്നു. 

ENGLISH SUMMARY:

In a key breakthrough, Naushad, the prime accused in the Bathery Hemachandran murder case, has been arrested. The investigation into the high-profile case continues as police dig deeper into the motive and events leading to the crime.