കോഴിക്കോട് നിന്ന് കാണാതായ ശേഷം ചേരമ്പാടി വനത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ഹേമചന്ദ്രനെ കൊലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന്‍റേത് ആത്മഹത്യയാണെന്ന് നൗഷാദ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞു. അതേസമയം , ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോവാനായി നൗഷാദിനെ സഹായിച്ച കണ്ണൂര്‍ സ്വദേശിനി വിദേശത്താണെന്നും പൊലീസ് കണ്ടെത്തി.
സൗദിയില്‍ നിന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നൗഷാദിന്‍റെ വെളിപ്പെടുത്തല്‍. മുപ്പത്തോളം പേര്‍ക്ക് ഹേമചന്ദ്രന്‍ പണം നല്‍കാനുണ്ട്. പലയിടങ്ങളില്‍ നിന്ന് പണം കിട്ടാനായി ഒരുമിച്ച് പോയതാണ്. ഒരു ദിവസം കൂടി വീട്ടില്‍ കഴിയാന്‍ അനുവദിച്ചു. രാവിലെ നോക്കുമ്പോള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിച്ച് കഴിഞ്ഞപ്പോള്‍ കുഴിച്ചിടുകയല്ലാതെ മറ്റുമാര്‍ഗമില്ല. രണ്ടുമാസത്തെ വിസിറ്റിങ് വീസയിലാണ് ഗള്‍ഫിലെത്തിയതെന്നും പൊലീസിന് മുന്നില്‍ ഹാജരാകുമെന്നും നൗഷാദ് വിഡിയോയില്‍ പറയുന്നു. മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ നൗഷാദിന്‍റെ വീഡിയോയില്‍ കഴമ്പില്ലെന്നാണ് കേസ് അന്വേഷിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് പറയുന്നത്. നൗഷാദിനായി ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും. കേസിലെ മറ്റുപ്രതികളായ ജ്യോതീഷിനെയും അജീഷിനെയും തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യാനുമായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോവനായി നൗഷാദിനെ സഹായിച്ച സ്ത്രീയെ വിദേശത്ത് നിന്ന് നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലപാതകത്തിനുശേഷം ഇവര്‍ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു.