വർഷങ്ങളായി നിരവധിപേരുടെ മൃതദേഹങ്ങൾ രഹസ്യമായി സംസ്‌കരിക്കാൻ താന്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്നുള്ള ശുചിത്വ തൊഴിലാളി. കൊലചെയ്യപ്പെട്ടവരുടേതടക്കം നിരവധി മൃതദേഹങ്ങള്‍ താന്‍ രഹസ്യമായി സംസ്കരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയാണ് ഇയാള്‍ ധർമ്മസ്ഥല പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വിസമ്മതിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന ഭീഷണിയുടെ പുറത്താണ് താന്‍ ഇതെല്ലാം അനുസരിച്ചതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.
ജൂലൈ 3 നാണ് പരാതിക്കാരൻ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലും ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിലും രേഖാമൂലം പരാതി നല്‍കുന്നത്. തനിക്ക് കുറ്റബോധം തോന്നുന്നുവെന്നും നിയമപരമായ സംരക്ഷണം ലഭിച്ചാൽ കുറ്റകൃത്യങ്ങൾക്ക് പിന്നിലുള്ള ആളുകളെക്കുറിച്ചും മൃതദേഹങ്ങൾ സംസ്കരിച്ച സ്ഥലങ്ങളെക്കുറിച്ചും പൂർണ്ണമായ വിവരങ്ങൾ നൽകാൻ തയ്യാറാണെന്നും ഇയാള്‍ പൊലീസിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ചില മൃതദേഹാവശിഷ്ടങ്ങളുടെ ഫോട്ടോകളും ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തലയോട്ടിയുടെയും ചില അസ്ഥികൂടങ്ങളുടെയും അവശിഷ്ടങ്ങൾ കാണിക്കുന്ന രണ്ട് ചിത്രങ്ങളാണ് ഇയാള്‍ പൊലീസില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
പേര് വെളിപ്പെടുത്തരുതെന്ന പരാതിക്കാരന്റെ അഭ്യർത്ഥന മാനിച്ച് പൊലീസ് വ്യക്തിഗത വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. 1995 മുതൽ 2014 വരെ ധർമ്മസ്ഥലയിൽ ശുചിത്വ തൊഴിലാളിയായി ജോലി ചെയ്തിരുന്നതായാളാണ് പരാതി നല്‍കിയതെന്നാണ് വിവരം. അതേസമയം, കണ്ടെത്തിയ ചില അസ്ഥികൂട അവശിഷ്ടങ്ങളുടെ ആധികാരികതയോ ഇരകളുടെ കൃത്യമായ എണ്ണമോ പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ ബിഎൻഎസ് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.