കോട്ടയത്ത് പട്ടാപ്പകൽ ജയിൽ ചാടിയ മോഷ്ടാവിനെ രണ്ടാം ദിവസവും പിടികൂടാനായില്ല. ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുന്ന ഇരുപത് വയസുള്ള അസംകാരനാണ് പ്രതി. ജയിൽ ഉദ്യോഗസ്ഥർക്കെതിരെ വൈകാതെ നടപടി ഉണ്ടാകും.
അസം നെഗോൺ സ്വദേശി അമിനുൽ ഇസ്‌ലാം ആണ് തിങ്കൾ ഉച്ചയ്ക്ക് ശേഷം മൂന്നിന് കോട്ടയം ജില്ലാ ജയിലിന്റെ മതിൽ ചാടിയത്. ജയിലിൽ പരിശോധനയ്ക്ക് പുറത്തിറക്കിയപ്പോൾ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മതിൽ ചാടി രക്ഷപ്പെട്ടെന്നാണ് ഉദ്യോഗസ്ഥ വിശദീകരണം. വിജിലൻസ് ഓഫിസിന്റെ മുന്നിലൂടെ നടന്നു പോകുന്ന നിരീക്ഷണ ക്യാമറ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.
കഴിഞ്ഞ ഞായർ രാവിലെ ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചതിനാണ് ഇയാൾ പിടിയിലായത്. ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലുള്ള പരശുറാം എക്സ്പ്രസിലേക്ക് ഓടിക്കയറിയ പ്രതിയെ ആർപിഎഫ് പിടികൂടുകയായിരുന്നു. തുടർന്ന് കോട്ടയത്ത് എത്തിച്ച് റെയിൽവേ പൊലീസ് കോടതിയിൽ ഹാജരാക്കി. റിമാൻഡിലായ പ്രതിയെ ഞായർ വൈകിട്ടാണ് ജില്ലാ ജയിലിലെത്തിച്ചത്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഉൾപ്പെടെ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.ജയിൽ ഡിഐജി ജില്ലാ ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി. ജോലിയിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വൈകാതെ നടപടി ഉണ്ടാകും.