ജോസ് കെ മാണിയും ചാണ്ടി ഉമ്മനും വിശ്രമമില്ലാതെ പണിയെടുത്ത കോട്ടയത്ത് മുന്നണികൾ വിജയ പ്രതീക്ഷയിൽ. ജില്ലാ പഞ്ചായത്ത് തിരികെ പിടിക്കുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. പത്തിലധികം പഞ്ചായത്തുകളിൽ അധികാരത്തിൽ എത്തുമെന്ന് ബിജെപിയും കോട്ടയം നഗരസഭ ഉൾപ്പെടെ കിട്ടുമെന്ന് എൽഡിഎഫും പ്രതീക്ഷയിലാണ്.
കേരള കോൺഗ്രസ് എമ്മിനെ കൂട്ടുപിടിച്ച് അമ്പതു പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും ഭരിച്ച എൽഡിഎഫിന് ഇപ്രാവശ്യം കൂടുതലായി എത്ര കിട്ടും. കഴിഞ്ഞ തവണ ഒരു സീറ്റ് കുറവിൽ ഭരണം നഷ്ടമായ കോട്ടയം നഗരസഭ സിപിഎം ഏറെ പ്രതീക്ഷിക്കുന്നു. കേരള കോൺഗ്രസ് എമ്മിലാണ് പാലായിൽ ഉൾപ്പെടെ എൽഡിഎഫ് പ്രതീക്ഷ. പാലാ നഗരസഭയിൽ സിപിഎമ്മിന് ആറ് സ്ഥാനാർഥികൾ ഉണ്ടായിരുന്നെങ്കിലും ഒരാൾ ഒഴികെ എല്ലാവരും സ്വതന്ത്ര ചിഹ്നങ്ങളിലാണ് മത്സരിച്ചത്. മീനച്ചിൽ, കരൂർ, മുത്തോലി, ഭരണങ്ങാനം, ഞീഴൂർ, മാഞ്ഞൂർ കടുത്തുരുത്തി ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലും പാർട്ടി ചിഹ്നം സിപിഎം സ്ഥാനാർഥികളിൽ ഏറെയും ഉപേക്ഷിരുന്നു. ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായോ എന്നാണ് എൽഡിഎഫിന്റെ മറ്റൊരു ആശങ്ക. ഒന്നും പേടിക്കാനില്ലെന്ന് ജോസ് കെ മാണി.
കേരള കോൺഗ്രസ് എം മുന്നണി വിട്ടുപോയതൊന്നും പ്രശ്നമല്ലെന്നും ജില്ലാ പഞ്ചായത്തിൽ പതിനേഴു സീറ്റുകൾ നേടി ഭരണം തിരിച്ചു പിടിക്കുമെന്നാണ് യുഡിഎഫിൻ്റെ അവകാശവാദം. മുത്തോലിയും പള്ളിക്കത്തോടും നിലനിർത്തി പത്തിലധികം പഞ്ചായത്തുകളിൽ അധികാരത്തിൽ എത്തുമെന്നാണ് ബിജെപിയുടെ അവകാശവാദം.