ശിവഗംഗ കസ്റ്റഡി മരണത്തിൽ അഞ്ച് പൊലീസുകാരെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇന്നലെ രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവാവിന്റെ ശരീരത്തിൽ 30 മുറിവുകളാണ് കണ്ടെത്തിയത്. വിഷയത്തിൽ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഇന്നലെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണക്കേസിൽ പിടിയിലായ അജിത് കുമാർ എന്ന യുവാവ് കസ്റ്റഡിയിൽ മരിച്ചത്. നേരത്തെ യുവാവ് മരിച്ച സംഭവത്തിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അറസ്റ്റിലായ നിരായുധനായ ഒരാളെ എന്തിനാണ് ആക്രമിച്ചതെന്നാണ് ഹൈക്കോടതി ചോദിച്ചത്. ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷമുണ്ടായ 24 ലോക്കപ്പ് മരണങ്ങളെക്കുറിച്ചു വിശദീകരണം വേണമെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെടുകയുണ്ടായി.
യുവതിയുടെ കാറിൽ നിന്ന് 9 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിലാണ് തിരുപ്പുവനത്തിനടുത്തെ മദപുരം ക്ഷേത്രത്തിൽ താൽക്കാലിക സുരക്ഷാ ജീവനക്കാരനായ അജിത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം. സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ, ലഹരിമരുന്ന് കേസുകൾ, ലോക്കപ്പ് മരണങ്ങൾ തുടങ്ങിയവയിൽ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുന്നറിയിപ്പ് നല്കി. കുറ്റകൃത്യം ചെയ്താൽ റൗഡി ആയാലും, രാഷ്ട്രീയ സ്വാധീനമുള്ള ആളായാലും പോലീസുകാരനായാലും മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.