കഞ്ചാവുവേട്ടയ്ക്കിടെ എക്സൈസിനെ വെട്ടിച്ചു രക്ഷപെട്ട പ്രതി രണ്ടുമണിക്കൂറിനകം പൊലീസിന്‍റെ പിടിയിലായി. പഴകുളം സ്വദേശി ലൈജുവാണ് 15കിലോ കഞ്ചാവുമായി കുടുങ്ങിയത്.കാപ്പാകേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം ആണ് അറസ്റ്റ്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് പഴകുളം ഭാഗത്ത് ലൈജുവിനെത്തേടി എക്സൈസ് എത്തിയത്. ലഹരിക്കച്ചവടം നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം എത്തിയത്. ലൈജുവിന്‍റെ വാഹനത്തില്‍ നിന്ന് 15 കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തു. ലൈജു പക്ഷെ ഓടി രക്ഷപെട്ടു. രക്ഷപെട്ട ലൈജു 100ഗ്രാം കഞ്ചാവുമായി രണ്ടുമണിക്കൂറിനകം പന്തളത്ത് പൊലീസിന്‍റെ പിടിയിലായി.പൊലീസ് ലൈജുവിനെ എക്സൈസിന് കൈമാറി
കാപ്പാകേസ് പ്രതി കൂടിയാണ് ലൈജു. രണ്ടാഴ്ച മുന്‍പാണ് കാപ്പാക്കേസില്‍ കരുതല്‍ തടങ്കലില്‍ നിന്ന് പുറത്തിറങ്ങിയത്. ലഹരിക്കേസുകളിലക്കം പ്രതിയായ ലൈജു പൊലീസ്, എക്സൈസ് നിരീക്ഷണത്തില്‍ ആയിരുന്നു. നിരീക്ഷണമാണ് പ്രതി അതിവേഗം കുടുങ്ങാന്‍ കാരണം. വധശ്രമം അടക്കം പത്തിലധികം കേസുകളില്‍ പ്രതിയാണ് ലൈജു. മുന്‍പും പലവട്ടം കഞ്ചാവുമായി പിടിയില്‍ ആയിട്ടുണ്ട്.കഞ്ചാവ് കേസില്‍ ജയിലില്‍ കഴിയുമ്പോഴാണ് കാപ്പാ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.