പ്രതികളെ കണ്ടെത്തിയാലും അവര്‍ ശിക്ഷിക്കപ്പെടുന്നതില്‍ ക്രൈംസീനില്‍ നിന്ന് ശേഖരിക്കുന്ന ഓരോ തെളിവുകളും നിര്‍ണായകമാണ്. വിരലടയാളങ്ങള്‍ മുതല്‍ കുറ്റവാളികളുടെ ഒരു മുടിക്ക് പോലും കേസ് തെളിയിക്കുന്നതില്‍ വലിയ പങ്കുണ്ട്. കൊച്ചി പള്ളുരുത്തിയില്‍ ലോറിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ ക്രൈംസീനിലും പൊലീസിനെ അന്വേഷണത്തില്‍ സഹായിക്കുന്ന നിര്‍ണായക തെളിവുകളുണ്ടായിരുന്നു.
തൊണ്ടി ഒന്ന്: രക്തം പുരണ്ട ഷൂ
മീനും മറ്റും കൊണ്ടുപോകുന്ന ഇന്‍സുലേറ്റഡ് ലോറിയിലാണ് കൊലപാതകം നടന്നത്. ഡ്രൈവിങ് സീറ്റിലിരുന്ന പള്ളുരുത്തി സ്വദേശി ആഷിക്കിന്റെ കാലില്‍ കത്തികൊണ്ടുവരഞ് മുറിവുണ്ടാക്കി അതില്‍ നിന്ന് ചോരവാര്‍ന്നായിരുന്നു മരണം. രാത്രിയിലായിരുന്നു കൊലപാതകം. ലോറികിടന്ന സ്ഥലം പൊലീസ് രാത്രി തന്നെ ബന്ധവസിലാക്കി. രാവിലെയായിരുന്നു തെളിവെടുപ്പ്. ലോറിയുടെ പുറത്ത് ഒരു ജോഡി ഷൂ കിടപ്പുണ്ടായിരുന്നു. കൊലപാതകം നടന്ന് പിറ്റേ ദിവസം പൊലീസ് എത്തുന്നതുവരെയുള്ള സമയത്തിനുള്ളില്‍ പലതവണ സ്ഥലത്ത് മഴപെയ്തു. മഴനനഞ്ഞെങ്കിലും ഷൂവിലെ രക്തകറ മാഞ്ഞിരുന്നില്ല. കറുത്ത ഷൂവിന്റെ ബൂട്ട് വെള്ള നിറത്തിലായിരുന്നു. അതില്‍ മായാതെ ചോരപ്പാടുകള്‍. കൊല്ലപ്പെട്ട ആഷിക്കിന്റേതാണ് ഷൂവെന്നാണ് നിഗമനം. ലോറിയില്‍ നിന്ന് പുറത്തിറക്കിയ ഘട്ടത്തില്‍ ലോറിക്ക് പുറത്തുവീണുപോയതെന്നാണ് നിഗമനം. തൊണ്ടി ലിസ്റ്റില്‍ എന്‍ട്രി നമ്പര്‍ വണ്‍.
തൊണ്ടി രണ്ട്: ഹെയര്‍ബാന്‍ഡ്
രക്തം പുരണ്ട ഷൂവിന് തൊട്ടു സമീപം ലോറിക്ക് പുറത്ത് ചെളിയില്‍ പുതഞ്ഞ നിലയില്‍ ഒരു ഹെയര്‍ബാന്‍ഡ്. കറുത്തനിറമുള്ള ബാന്‍ഡിന് പഴക്കമില്ലെന്ന് സൂക്ഷമ പരിശോധനയില്‍ പൊലീസിന് വ്യക്തമായി. ക്രൈംസീനില്‍ സ്ത്രീ സാന്നിധ്യം ഉറപ്പിക്കാന്‍ പര്യാപ്തമായ തെളിവ്. കൊല്ലപ്പെട്ട ആഷിക്കിനെ ആശുപത്രിയിലെത്തിച്ചത് സുഹൃത്തുകൂടിയായ ഷാഹിനയാണ്. ഹെയര്‍ബാന്‍ഡ് ഷാഹിനയുടേതെന്നാണ് പൊലീസിന്റെ നിഗമനം. ക്രൈംസീനിലെ ആ ബാന്‍ഡ് തൊണ്ടി ലിസ്റ്റില്‍ ഇടംപിടിച്ചു.
ട്രാക്കര്‍ ട്രൈഡോ
ക്രൈംസീനില്‍ വിരലടയാള, സയന്റിഫിക് വിദഗ്ധര്‍ക്കൊപ്പം ഡോഗ് സ്ക്വാഡിന്റെ പരിശോധനയും നിര്‍ണായകം. പ്രത്യേകിച്ച് കൊലപാതക ക്കേസുകളില്‍. പള്ളുരുത്തിയില്‍ കൊച്ചി സിറ്റി പൊലീസിലെ ട്രാക്കര്‍ ഡോഗ് ട്രൈഡോയാണ് എത്തിയത്. കൊലയാളികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി എവിടെ? ട്രൈഡോയെ നിയോഗിച്ചത് കത്തി കണ്ടെത്താനായിരുന്നു. ക്രൈംസീനില്‍ നിന്ന് കണ്ടെത്തിയ ഹെയര്‍ബാന്‍ഡ് തന്നെയായിരുന്നു ട്രൈഡോയ്ക്ക് അതിലേക്കുള്ള ലീഡ്. ഹെയര്‍ബാന്‍ഡില്‍ നിന്ന് മണംപിടിച്ച ട്രൈഡോ ആദ്യം ഓടിയത്ത് ലോറിയുടെ സമീപത്തേക്ക്. അവിടെ നിന്ന് കാടുപിടിച്ചുകിടന്ന പറമ്പിന്റെ മുക്കിലും മൂലയിലും മണംപിടിച്ച് ട്രൈഡോ എത്തി. ലോറി പാര്‍ക്ക് ചെയ്ത് പറമ്പിന് സമീപത്തെ ഒറ്റമുറിക്ക് സമീപം രണ്ട് തവണയാണ് ട്രൈഡോ എത്തിയത്. ഇതോടെ പൊലീസിന് സംശയം. കത്തിയെങ്ങാനും അവിടെ ഉപേക്ഷിച്ചിരിക്കുമോ. ഏറെ തിരഞ്ഞെങ്കിലും കത്തി ലഭിച്ചില്ല. പിന്നീട് പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി.