TOPICS COVERED

കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുമ്പ് അറസ്റ്റിലായ സവാദ് വീണ്ടും അറസ്റ്റിലായതോടെ അന്നത്തെ പരാതിക്കാരിയെ പിന്തുണച്ച് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍. പുരുഷന്മാർ എന്ത് തെറ്റ് ചെയ്താലും പിന്തുണക്കുന്നതല്ല പുരുഷ ആക്ടിവിസമെന്നും പരാതിക്കാരിയെ വിളിച്ച് സംസാരിച്ചുവെന്നും രാഹുല്‍ പറഞ്ഞു. വ്യക്തിപരമായി സവാദിനെ ഒരിക്കലും അനുകൂലിച്ചിരുന്നില്ലെന്നും അങ്ങനെയുള്ള ഒരു ചർച്ചയിലും പങ്കെടുത്തിട്ടുമില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 

രാഹുല്‍ ഈശ്വറിന്‍റെ ഫേസ്​ബുക്ക് പോസ്റ്റ്

പുരുഷന്മാർ എന്ത് തെറ്റ് ചെയ്താലും പിന്തുണക്കുന്നതല്ല പുരുഷ ആക്ടിവിസം. ആണുങ്ങൾ തെറ്റ് ചെയ്യുമ്പോൾ അതിനെ തെറ്റെന്നു പറയുകയും, ആണുങ്ങൾക്ക് നേരെ വ്യാജ പരാതി വരുമ്പോൾ അതിനെ വ്യാജ പരാതി എന്ന് പറയുന്നതാണ് പുരുഷ കമ്മീഷൻ ആക്ടിവിസം. അന്ന് പരാതിപ്പെട്ട യുവതിയെ ഫോണിൽ വിളിച്ചിരുന്നു. പരാതിക്കാരി അന്ന് ഉയർത്തിയ കാര്യങ്ങൾ കൂറേ കൂടി ഗൗരവമായി നമ്മൾ എല്ലാവരും എടുക്കണമായിരുന്നു, അത് ചെയ്യാത്തതിന് ഖേദം പ്രകടിപ്പിച്ചു. സൗഹാർദ്ദപരമായ സംഭാഷണം. 

ഞാൻ വ്യക്തിപരമായി സവാദിനെ ഒരിക്കലും അനുകൂലിച്ചിരുന്നില്ല, അങ്ങനെയുള്ള ഒരു ചർച്ചയിലും പങ്കെടുത്തിട്ടുമില്ല. സവാദിനെ പൂമാല അണിയച്ചതിനെ, ഏതു ആരോപണ വിധേയനെയും പൂമാലയണിയിക്കുന്നതിനെ എതിർക്കുകയും ചെയ്ത വ്യക്തി ആണ്. എന്നാൽ സ്വന്തം ജീവിതത്തിലെ വേദനകൾ, വ്യാജ പരാതികൾ ആണ് നമ്മുടെ പല പുരുഷ സുഹൃത്തുക്കളെ 'മാല അണിയിക്കാൻ പ്രേരിപ്പിക്കുന്നതെന്ന' വേദന മനസിലാക്കുന്നു. കഴിയുന്നതും അത്തരം 'അമിത ആവേശ പ്രയോഗങ്ങൾ' ഒഴിവാക്കണം, നിരുത്സാഹപ്പെടുത്തണം. പുരുഷന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം, എന്നാൽ ഇന്നും സ്ത്രീകൾ തന്നെയാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് എന്ന് മറക്കുകയും ചെയ്യരുത്.

ENGLISH SUMMARY:

Activist Rahul Easwar has extended his support to the complainant in a sexual harassment case involving Savad, who was previously arrested for misconduct on a KSRTC bus and has now been arrested again. Rahul clarified that male activism doesn't mean supporting men regardless of their actions. He said he had spoken to the complainant and emphasized that he never personally supported Savad or participated in any discussions favoring him.