കായലോട് പറമ്പായി സ്വദേശി റസീനയും ആണ്‍സുഹൃത്തും തമ്മില്‍ സംസാരിച്ചത് കണ്ട് ഒരുകൂട്ടം നാട്ടുകാരുടെ പരസ്യവിചാരണക്കൊടുവില്‍ മനംനീറി യുവതി ആത്മഹത്യ ചെയ്തു. ജൂണ്‍ പതിനാറിന് രാത്രിയാണ് യുവതി വീട്ടില്‍ തൂങ്ങിമരിച്ചത്. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ തനിക്ക് നേരിട്ട മാനസിക പ്രയാസത്തെ കുറിച്ചും, അതിന് കാരണക്കാരായ ആളുകളെ കുറിച്ചും വ്യക്തമായി എഴുതിയിരുന്നു.
യുവതിയ്ക്കും ആണ്‍സുഹൃത്തിനും പരസ്യവിചാരണ നേരിടേണ്ടിവന്നത് പതിനഞ്ചിനാണ്. മയ്യില്‍ സ്വദേശിയായ ആണ്‍സുഹൃത്തിനൊപ്പം റോഡരികില്‍ കാറിനടുത്ത് നിന്ന് സംസാരിക്കുന്നത് നാട്ടുകാരായ ചിലര്‍ കണ്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. എന്തിനാണ് തമ്മില്‍ സംസാരിക്കുന്നത് എന്ന് ചോദിച്ച് ഇവരെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നാണ് പരാതി. യുവതിയെ ഈ സംഘം വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം യുവാവിനെ പിടികൂടി വിചാരണ തുടര്‍ന്നു. സമീപത്തുള്ള എസ്ഡിപിഐ പാര്‍ട്ടി ഓഫീസിലേക്ക് യുവാവിനെ കൊണ്ടുപോയി അവിടെ വെച്ചും ചോദ്യംചെയ്യല്‍ തുടര്‍ന്നു. കെട്ടിയിട്ട് മര്‍ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
കാര്‍ പരിശോധിച്ച് മൊബൈല്‍ ഫോണും, ടാബും സംഘം കൈവശപ്പെടുത്തി. മണിക്കൂറുകളോളം ആള്‍ക്കൂട്ട വിചാരണ തുടര്‍ന്നു. ആദ്യഘട്ടത്തില്‍ നിരവധിപേര്‍ ഈ സംഘത്തില്‍ ഉണ്ടായിരുന്നു. എസ്ഡിപിഐ ഓഫീസിലേക്ക് യുവാവിനെ കൂട്ടിക്കൊണ്ടുപോയ ശേഷം മൂന്ന് പേരാണ് യുവാവിനോട് മോശമായി പെരുമാറിയത്. പറമ്പായി സ്വദേശി എംസി മന്‍സിലില്‍ വി.സി മുബഷിര്‍, കണിയാന്‍റെ വളപ്പില്‍ കെ.എ ഫൈസല്‍, കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ റഫ്നാസ് എന്നിവരായിരുന്നു അത്. ഇവരുടെ പേരാണ് യുവതി കൃത്യമായി ആത്മഹത്യാ കുറിപ്പില്‍ എഴുതിവെച്ചത്. ഇവര്‍ക്കെതിരെ പിന്നീട് പൊലീസ് കേസെടുക്കുകയും പിന്നീട് അറസ്റ്റും ചെയ്തു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
തലശേരിയിലെ ആശുപത്രി പരിസരത്തുനിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കേസിലെ പ്രതികളാണെന്ന് പൊലീസിന് മനസിലായത്. ഇതേസമയം, ആശുപത്രിയില്‍ മരിച്ച യുവതിയുടെ ബന്ധുക്കളും ഉണ്ടായിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം.
പ്രതികള്‍ മൂന്നുപേരും എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ആദ്യഘട്ടത്തില്‍ കൂടുതല്‍ പേര്‍ യുവതിയുടെ ആണ്‍സുഹൃത്തിനെ മര്‍ദിക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും ഇവര്‍ മറ്റുരാഷ്ട്രീയ പശ്ചാത്തലം ഉള്ളവരാകാമെന്നുമാണ് പൊലീസ് പറയുന്നത്. കൂടുതല്‍ പേരുടെ പങ്ക് പൊലീസിന്‍റെ അന്വേഷണപരിധിയിലുണ്ട്. യുവതിയുടെ സ്വര്‍ണവും പണവും ആണ്‍സുഹൃത്തിന്‍റെ കൈവശമുണ്ടെന്നാണ് സൂചന. അത് തിരിച്ചുചോദിച്ചപ്പോള്‍ നല്‍കില്ലെന്ന് നാട്ടുകാരോട് യുവാവ് പറഞ്ഞതായി വിവരമുണ്ട്.