പത്തനംതിട്ട മെഴുവേലിയിലെ നവജാതശിശുവിന്റെ മരണത്തിന്റെ ദുരൂഹത നീക്കി കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ വെളിപ്പെടുത്തലാണ് നിര്‍ണായകമാകുന്നത്. അച്ഛനാണ് ബ്ലീഡിംങ് നില്‍ക്കുന്നില്ലെന്ന് പറഞ്ഞ് യുവതിയെ ചെങ്ങന്നൂരിലെ ആശുപത്രിയില്‍ കൊണ്ടുവന്നത്. പരിശോധിച്ചപ്പോള്‍ മറുപിള്ള പുറത്തുവന്നതായി ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടു. കുട്ടിയെ എവിടെയെന്ന ഡോക്ടറുടെ ചോദ്യത്തിന് ആദ്യം മറുപടിയുണ്ടായിരുന്നില്ല. മറുപിള്ളയ്ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നെന്നും പരിശോധനയില്‍ ബോധ്യപ്പെട്ടു . ഇതില്‍ നിന്ന് തന്നെ പ്രസവം നടന്നത് വീട്ടിലാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും കുട്ടി ഗര്‍ഭിണിയാണെന്ന് അറിയില്ലെന്നായിരുന്നു വീട്ടുകാര്‍ ഡോക്ടറോട് പറഞ്ഞത്
ഇന്നലെ രക്തസ്രാവത്തെ തുടർന്നു കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതിയെ ആദ്യമെത്തിച്ചത്. തുടർന്ന് പന്ത്രണ്ടരയോടെ ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിച്ചു. യുവതി പ്രസവിച്ചെന്നു ഡോക്ടർ സ്ഥിരീകരിച്ചെങ്കിലും അവർ സമ്മതിച്ചില്ല. കുഞ്ഞ് എവിടെയെന്നു തുടർച്ചയായി ചോദിച്ചതിനു ശേഷമാണു ഇന്നലെ പുലർച്ചെ പ്രസവിച്ചെന്നു നഴ്സിനോടു യുവതി ഇക്കാര്യം സമ്മതിച്ചത്. ആശുപത്രി അധികൃതർ ഉടൻ ചെങ്ങന്നൂർ പൊലീസിനെ അറിയിച്ചു. അവിടെ നിന്ന് അറിയിച്ച പ്രകാരം ഇലവുംതട്ട പൊലീസാണ് അന്വേഷണത്തിനെത്തിയത്
ഇലവുംതിട്ട പൊലീസ്, കുടുംബാംഗങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണു നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുള്ള അടച്ചിട്ടിരുന്ന വീടിന്റെ പിൻവശത്തു വാഴയുടെ ചുവട്ടിലാണു ചേമ്പിലയിൽ പൊതിഞ്ഞു നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കുറഞ്ഞതു 2 ദിവസം മുൻപു പ്രസവം നടന്നെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തൽ. യുവതി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
യുവതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ പൊലീസ് രക്തക്കറ കണ്ടെത്തി. ഫൊറൻസിക് സംഘവും പരിശോധന നടത്തി. പുലർച്ചെ പ്രസവം നടന്നതിനു പിന്നാലെ പൊക്കിൾക്കൊടി സ്വയം മുറിക്കുകയായിരുന്നെന്നും കുട്ടിയുടെ കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ വാ പൊത്തിപ്പിടിച്ചശേഷം അടുത്തുള്ള പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നെന്നും യുവതി മൊഴി നൽകിയെന്നാണു സൂചന.