മലപ്പുറം വെട്ടിച്ചിറയിൽ സ്ത്രീ വേഷത്തിൽ എത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ പ്രതിയെ പൊലീസ് വളഞ്ഞിട്ടു പിടികൂടി. അയൽക്കാരനായ സാക്കിറാണ് കവർച്ച നടത്തി മണിക്കൂറുകൾക്കുള്ളിൽ കൽപ്പകഞ്ചേരി പൊലീസിന്റെ വലയിലായത്.
പൂളമംഗലം സ്വദേശി 33കാരൻ സാക്കിറിനെയാണ് പൊലീസ് തിരൂരിൽ വച്ച് പിടികൂടിയത്. കവർച്ചക്ക് പിന്നാലെ പൊലീസ് നടത്തിയ ആസൂത്രിതമായ നീക്കത്തിന് ഒടുവിലാണ് പ്രതിയെ വലയിലാക്കാനായത്. ആക്രമിക്കപ്പെട്ട വീട്ടമ്മയുടെ മൊഴികളിൽ നിന്നും സിസിടിവി യിൽ നിന്നും ശേഖരിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കാത്തിരുന്ന് പിടികൂടിയത്. വെട്ടിച്ചിറ പൂളമംഗലത്തെ വീട്ടിൽ എസ്ഐആർ ഫോമിന്റെ വിവരങ്ങൾ ശേഖരിക്കാൻ എന്ന പേരിൽ സ്ത്രീ വേഷത്തിൽ എത്തിയാണ് കവർച്ച നടത്തിയത്.
വെള്ളിയാഴ്ച ഉച്ചക്കാണ് കവർച്ച നടന്നത്. മോഷ്ടാവ് വീടിനുള്ളിൽ കയറി അകത്തു നിന്ന് കതകടച്ച ശേഷമാണ് കവർച്ച നടത്തിയത്. വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണമാലയും കയ്യിലെ വളയും കവർന്ന ശേഷം രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ വീട്ടമ്മയുടെ കയ്യിനും കഴുത്തിനും മുഖത്തും പരുക്കുണ്ട്. പ്രതിയെ കൽപ്പകഞ്ചേരി പൊലീസ് ചോദ്യം ചെയ്തു വരികയാണ്.