വയനാട് നമ്പ്യാര്‍കുന്നില്‍ വീട്ടമ്മയായ എലിസബത്തിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കൈ ഞെരമ്പ് മുറിച്ച നിലയില്‍ കണ്ട ഭര്‍ത്താവ് തോമസ് വര്‍ഗീസിനെ നൂല്‍പ്പുഴ പൊലീസ് വിശദമായി ചോദ്യംചെയ്യും. നമ്പ്യാര്‍കുന്നിലെ വീട്ടില്‍ കട്ടിലിനോട് ചേര്‍ന്നാണ് രാവിലെ എലിസബത്തിന്‍റെ മൃതദേഹം കണ്ടത്. സമീപത്തായി ഭര്‍ത്താവ് തോമസ് വര്‍ഗീസിനെ കൈ ഞെരമ്പ് മുറിച്ച് രക്തം വാര്‍ന്ന നിലയിലും കണ്ടെത്തിയിരുന്നു.
എലിസബത്തിന്‍റെ ദേഹത്ത് ക്ഷതമേറ്റതിന്‍റെ പാടുകള്‍ ഒന്നുമില്ലായിരുന്നു. മകളെ ഭര്‍ത്താവിന്‍റെ വീട്ടില്‍ വിട്ടശേഷം ഇന്നലെ രാത്രിയോടെ ആണ് ദമ്പതികള്‍ വീട്ടില്‍ മടങ്ങിയെത്തിയതെന്ന് പൊലീസ് പറയുന്നു. ഇവര്‍ രണ്ടുപേരും അല്ലാതെ രാത്രി മറ്റാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. ടൗണില്‍ ബേക്കറി നടത്തിയിരുന്ന തോമസിന് കുടുംബ പ്രശ്നങ്ങള്‍ ഒന്നും ഉള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് എലിസബത്തിന്‍റേത് ശ്വാസംമുട്ടിച്ചുള്ള കൊലപാതമാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് നൂല്‍പ്പുഴ പൊലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം ഉറപ്പിച്ച് പറയാന്‍ കഴിയൂ. കേസിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൈ ഞെരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവ് തോമസ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. തോമസിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാകുന്നതിന് അനുസരിച്ച് ഇയാളുടെ മൊഴിയെടുക്കാനാണ് ശ്രമം.