തിരുവനന്തപുരം വെള്ളറടയിൽ വീട്ടമ്മയെ കൊന്നു കുഴിച്ചിട്ടതിന്റെ കാരണം തേടി കൂടുതൽ അന്വേഷണം. പ്രിയംവദയെ കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ എന്നാണ് പ്രതിയായ വിനോദിന്റെ മൊഴി. പൊലീസ് പൂർണ്ണമായും ഈ മൊഴി വിശ്വസിച്ചിട്ടില്ല. വിനോദിനെ കൂടുതൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
മറ്റെന്തെങ്കിലും തർക്കം കൊലയിൽ കാരണമായിട്ടുണ്ടോ എന്നുള്ളതാണ് പോലീസ് അന്വേഷിക്കുന്നത്. വിനോദിന്റെ സഹോദരൻ സന്തോഷും അറസ്റ്റിലായി. ഇയാള്ക്കും കൊലയിൽ പങ്കുള്ളതായി പൊലീസ് കരുതുന്നു. അതിനാൽ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമേ ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തൂ. ഇന്നലെ രാത്രിയോടുകൂടി പുറത്തെടുത്ത മൃതദേഹം ഇന്ന് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കും.
48കാരിയായ പ്രിയംവദ സ്വന്തം വീടിൻ്റെ തൊട്ടുമുന്നിലുള്ള രണ്ടാമത്തെ വീട്ടിലാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയത് അയല്ക്കാരന് വിനോദും. രണ്ട് പെൺമക്കളുടെ വിവാഹം കഴിഞ്ഞ ശേഷം ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു പ്രിയംവദ. വ്യാഴാഴ്ച രാവിലെ പതിവ് പോലെ കശുവണ്ടി ഫാക്ടറിയിൽ ജോലിക്ക് പോയ പ്രിയംവദ തിരികെ വന്നില്ല. പൊലീസും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ പ്രതി വിനോദും പങ്കാളിയായിരുന്നു.
ഭാര്യ വിദേശത്തായതിനാൽ വിനോദ് ഒറ്റക്കും രണ്ട് മക്കൾ തൊട്ടടുത്ത വീട്ടിൽ ഭാര്യയുടെ അമ്മയ്ക്കൊപ്പവുമാണ് കഴിഞ്ഞത്. വീടിന്റെ പിന്നിലെ മണ്ണിൽ മക്കൾ പ്രിയംവദയുടെ കാല് കാണുകയും അവർ വല്ല്യമ്മയോട് പറഞ്ഞതോടെയുമാണ് കൊലപാതകം പുറത്തറിഞ്ഞത്. വ്യാഴാഴ്ച രാവിലെ ജോലിക്ക് പോകുന്ന സമയം കടം വാങ്ങിയ പണം പ്രിയംവദ വിനോദിനോട് ചോദിച്ചു. ആ തർക്കത്തിനിടെ വിനോദിന്റെ അടിയേറ്റ് പ്രിയംവദയുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് പ്രിയംവദയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് വിനോദിൻ്റെ കുറ്റസമ്മത മൊഴി. മൃതദേഹം കുഴിച്ചിടാൻ സഹോദരൻ സന്തോഷ് സഹായിച്ചെന്നും പൊലീസ് പറയുന്നു.