പ്രതീകാത്മക ചിത്രം.

തന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ശല്യം ചെയ്ത കാമുകിയെ കൊന്ന് കുഴിച്ചിട്ട് കാമുകന്‍. കൊലയ്ക്ക് ശേഷം സംഭവം ആറുമാസത്തോളമാണ് ഇയാള്‍ മറച്ചുവച്ചത്. പ്രണയത്തിലായിരുന്ന ഇരുവരും ഒളിച്ചോടി പോയതാകാം എന്നാണ് യുവതിയുടെ വീട്ടുകാരടക്കം കരുതിയിരുന്നത്. എന്നാല്‍ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണം എത്തിനിന്നത് അരുംകൊലയുടെ വിവരങ്ങളിലേക്കാണ്.

കര്‍ണാടകയിലെ ഗഡങ്ങിലാണ് സംഭവം. മധുശ്രീ എന്ന ഇരുപത്തിയാറുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി സതീഷ് ഹീരേമത്ത് (28) പൊലീസ് കസ്റ്റഡിയിലാണ്. ഗഡങ് സ്വദേശികളായ ഇവര്‍ ആറുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. മധുശ്രീയുടെ വീട്ടുകാര്‍ ഇവരുടെ ബന്ധത്തെ എതിര്‍ത്തിരുന്നു. വീട്ടില്‍ ഇതിന്‍റെ പേരില്‍ ചില പ്രശ്നങ്ങളുണ്ടായതോടെ മധുശ്രീയെ വീട്ടുകാര്‍ ഒരു ബന്ധുവീട്ടിലാക്കി. കഴിഞ്ഞ ഡിസംബര്‍ 16ന് മധുശ്രീ ഈ വീട്ടില്‍ നിന്ന് ആരുമറിയാതെ ഇറങ്ങിപ്പോയി. പിന്നീട് മധുശ്രീയെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. 

സതീഷിനൊപ്പം മധുശ്രീ ഒളിച്ചോടി പോയതാകാം എന്നാണ് വീട്ടുകാര്‍ കരുതിയത്. മധുശ്രീയെക്കുറിച്ച് യാതൊരു വിവരവും അറിയാതായപ്പോള്‍ ജനുവരി 12ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. കൊല നടന്ന് കൃത്യം ആറുമാസമാകുമ്പോഴാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. മധുശ്രീ വിവാഹം കഴിക്കാനായി സതീഷിനെ നിര്‍ബന്ധിച്ചിരുന്നു. ഇതിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു .

ഡിസംബര്‍ 16ന് മധുശ്രീയെ സതീഷ് നാരായണപുരയിലുള്ള ഒരു ഫാം ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ഇരുവരും തമ്മില്‍ വഴക്കായി. ഇതിനിടെ നെറ്റുപയോഗിച്ച് മധുശ്രീയെ ശ്വാസംമുട്ടിച്ച് പ്രതി കൊലപ്പെടുത്തി. ശേഷം മൃതദേഹം മറവുചെയ്തു. കൊലപാതകത്തെക്കുറിച്ച് ആര്‍ക്കും സംശയം തോന്നാതിരിക്കാനായി സതീഷ് പ്രത്യേകം ശ്രദ്ധിച്ചു. കൊലയ്ക്ക് ശേഷം സതീഷ് ജോലി ചെയ്തിരുന്ന പെട്രോള്‍ പമ്പില്‍ തന്നെ തുടര്‍ന്നു. ഇടയ്ക്ക് മധുശ്രീയുടെ മൃതദേഹം മറവുചെയ്ത ഫാം ഹൗസിലെത്തി മൃതദേഹ അവശിഷ്ടങ്ങള്‍ പലയിടത്തായി കൊണ്ടിട്ട് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. കൃത്യമായ ഇടവേളകളില്‍ ഇയാള്‍ ഫാം ഹൗസിലെത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. 

മധുശ്രീയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ സതീഷ് പറഞ്ഞത് മധുശ്രീയെ താന്‍ ടൗണിനടുത്ത് ബൈക്കില്‍ കൊണ്ടിറക്കി വിട്ടു. അതിനുശേഷം അവളെക്കുറിച്ച് യാതൊരു വിവരവുമില്ല എന്നായിരുന്നു. എന്നാല്‍  യുവതിയുടെ അവസാന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മറ്റൊരിടത്തായത് പൊലീസിന് സംശയമുണ്ടാക്കി. തുടര്‍ന്ന് വിശദമായി സതീഷിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായി ഗഡങ് എസ്.പി പറ‍ഞ്ഞു. കൊലക്കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിക്കൊപ്പം സംഭവസ്ഥലത്തെത്തി തെളിവെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

A man murdered his girlfriend who was pressuring him to marry her, buried her body, and kept the crime hidden for nearly six months. Everyone, including the young woman's family, believed the couple had eloped. However, the police investigation, which focused on phone call records, eventually uncovered the brutal murder. The deceased has been identified as Madhushree Angadi (26) from Narayanapura village in Gadag taluk. The accused, Satish Hiremath, also hails from the same village. The duo had been in a relationship for six years.