മൂന്ന് ട്രോളി ബാഗുകളിലായി 37.49 കിലോ കഞ്ചാവുമായി കേരളത്തിലേയ്ക്ക് ട്രിപ്പ്. ട്രെയിന്‍ ഇറങ്ങിയ ഉടനെ പൊലീസിനെ കണ്ടതോടെ ബാഗുകളുമായി സ്ഥലംവിടാന്‍ ശ്രമം, സംശയം തോന്നിയ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതോടെ ട്രോളിബാഗിലെ കഞ്ചാവ് വെളിയില്‍ വന്നു. മുര്‍ഷിദാബാദ് സ്വദേശിനികളായ അനിതാ ഖാത്തുന്‍ ബീവി (30), സോണിയാ സുല്‍ത്താന (21) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് റെയില്‍വേ പൊലീസ് പിടികൂടിയത്.
മുര്‍ഷിദാബാദ് സ്വദേശിനികളായ സോണിയ സുല്‍ത്താനയും അനിത കാത്തൂനും കൊച്ചിയിലെ ഇടപാടുകാര്‍ക്കായി എത്തിച്ചതാണ് കഞ്ചാവ്. ഓര്‍ഡര്‍ പ്രകാരം 37 കിലോ കഞ്ചാവ് നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലെത്തിച്ച് കാത്തിരിക്കുകയായിരുന്നു ഇരുവരും. പിടിയിലായ സോണിയക്ക് ഇരുപത്തിയൊന്ന് വയസ് മാത്രമാണ് പ്രായം. കേരളത്തിലേക്ക് ട്രിപ്പെന്ന പേരിലായിരുന്നു ഇരുവരുടെയും ലഹരിക്കടത്ത്. ഇന്നലെ ബംഗളൂരുവിലെത്തിയ ശേഷം അവിടെ നിന്ന് കൊച്ചിയിലേക്ക് ട്രെയിന്‍ പിടിക്കുകയായിരുന്നു. സാധാരണ പാലക്കാട് ഇത്തരംസംഘങ്ങള്‍ കഞ്ചാവ് എത്തിക്കാറുള്ളത്. പരിശോധനകള്‍ കര്‍ശനമാക്കിയതോടെ ഇത്തവണ റൂട്ടൊന്നു മാറ്റിപിടിച്ചു. പക്ഷെ പണി പാളി.
സോണിയയുയെടും അനിതയുടെയും ആദ്യ ദൗത്യമല്ല ഇത്. നാട്ടില്‍ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ സോണിയ പോക്കറ്റ് മണിക്കായി നേരത്തെയും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ട്. ഓര്‍ഡര്‍ പ്രകാരമുള്ള കഞ്ചാവ് ബംഗാളില്‍ നിന്ന് കേരളത്തിലെത്തിച്ച് നല്‍കുന്ന കാരിയേഴ്സാണ് യുവതികള്‍. സുരക്ഷിതമായി എത്തിക്കുന്ന ഓരോ കിലോ കഞ്ചാവിനും കമ്മിഷന്‍ ലഭിക്കും . കഞ്ചാവ് കൈമാറി അധികം താമസിയാതെ നാട്ടിലേക്ക് മടങ്ങും. ലഹരിക്കടത്തില്‍ യുവതികള്‍ ഒറ്റയ്ക്കായിരുന്നില്ല മറ്റൊരു യുവാവും ഒപ്പമുണ്ടായിരുന്നു. പൊലീസെത്തുന്നത് കണ്ട് ഇയാള്‍ രക്ഷപ്പെട്ടുവെന്നാണ് പൊലീസിന്‍റെ നിഗമനം. കഞ്ചാവ് എത്തിച്ചത് ആര്‍ക്ക് എന്നതിനുള്ള ഉത്തരം തുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വെ പൊലീസ്.