മേഘാലയിലെ ഷില്ലോങില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ ഇന്‍ഡോറില്‍ നിന്നുള്ള നവവരന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. ഭര്‍ത്താവ് രാജ രഘുവംശിയെ കൊല്ലാന്‍ നവവധു സോനം ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. സംഭവത്തില്‍ സോനത്തെയും മൂന്ന് വാടകക്കൊലയാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ ഗാസിപൂരിലെ ദാബയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സോനത്തെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ സോനം കുറ്റമേറ്റ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. മൂന്ന് വാടകകൊലയാളികളില്‍ ഒരാള്‍ ഉത്തര്‍പ്രദേശില്‍ നിന്നും രണ്ടു പേര്‍ ഇന്‍ഡോറില്‍ നിന്നുമാണ് അറസ്റ്റിലായത്.
കഴിഞ്ഞ മേയ് 23നാണ് രഘുവംശിയെയും ഭാര്യ സോനത്തെയും ഇൻഡോറിലെ ഹണിമൂൺ ആഘോഷത്തിനിടെ കാണാതാകുന്നത്. ജൂൺ രണ്ടിനാണ് ചിറാപുഞ്ചിക്കടുത്തുള്ള സൊഹ്രാരിമിലെ മലയിടുക്കിൽ രാജയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ സോനത്തെ കാണാതാവുകയായിരുന്നു. കാണാതായ ദിവസം സോനത്തിനും രാജക്കുമൊപ്പം മൂന്ന് പുരുഷൻമാരെ കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൃതദേഹം പാതി അഴുകിയ നിലയിലായിരുന്നു. കേസിൽ രഘുവംശിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.