കോഴിക്കോട് മലാപ്പറമ്പിലെ അപ്പാര്‍ട്ട്മെന്‍റ് കേന്ദ്രീകരിച്ചുള്ള സെക്സ് റാക്കറ്റ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യപ്രതി വയനാട് സ്വദേശി ബിന്ദുവിനെതിരെ കൂടുതല്‍ കേസുകള്‍ പുറത്ത് വരുന്നു. അപ്പാര്‍ട്ട്മെന്‍റ് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ സ്ത്രീകളെയും ആവശ്യക്കാരായി എത്തിയവരെയും ഇന്നലെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളജ് പരിസരത്ത് വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയതിന് ബിന്ദുവിന്‍റെ പേരില്‍ നേരത്തെയും കേസുണ്ട്. വയനാട്ടില്‍ ചെക്ക് കേസും കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വ്യാജ സ്വര്‍ണം പണയം വെച്ച കേസിലും പ്രതിയാണ് ബിന്ദു. മലാപ്പറമ്പ് കേസില്‍ അറസ്റ്റിലായ എട്ടുപ്രതികള്‍ക്കും ജാമ്യം അനുവദിച്ചു.
സംഘത്തിലെ പെൺകുട്ടികൾക്കായി 3500 രൂപയാണ് ഒരു ഇടപാടുകാരനിൽനിന്ന് വാങ്ങുന്നതെങ്കിലും 1000 രൂപയാണ് പെൺകുട്ടികൾക്ക് നൽകിയിരുന്നത്. ശരാശരി 25 ഇടപാടുകാർ ഒരു ദിവസം ഫ്ലാറ്റിൽ എത്തിയിരുന്നു. മറ്റു ജില്ലകളിൽ ഇവർക്ക് കേന്ദ്രങ്ങളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.റിസപ്ഷനിലെത്തിയ പൊലീസ് കൗണ്ടറിൽ ഇരുന്ന 3 പേരെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. പിന്നീട് എസ്ഐ എൻ.ലീലയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഫ്ലാറ്റിൽ കയറി മുറി തുറക്കുകയായിരുന്നു. ഇതിനിടെ ഒരാൾ ഓടിപ്പോയി. മുറിയിൽ നിന്നു 16,200 രൂപ പൊലീസ് കണ്ടെടുത്തു. 2 വർഷം മുൻപാണ് സംഘം ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതെന്നും കൃത്യമായി വാടക നൽകിയിരുന്നതായും ഫ്ലാറ്റ് ഉടമ പറഞ്ഞു.