ഇടുക്കി ഇരട്ടയാറിൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ കടയിൽ നിന്നും ഏഴു കിലോയോളം കഞ്ചാവ് പിടിച്ചു. ഉപ്പുകണ്ടം ആലേപുരക്കൽ എസ് രതീഷിന്‍റെ കടയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാൾ ഇരട്ടയാർ പഞ്ചായത്തിലെ ഒൻപതാം വാർഡ് അംഗമാണ്. ഒഡീഷ സ്വദേശികളായ സമീർ ബെഹ്‌റ, ലക്കി നായക് എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേർ. മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് കടയിൽ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കട്ടപ്പന പൊലീസാണ് പ്രതികളെ പിടികൂടിയത്. ഇറച്ചി വിൽപ്പന കടയാണിത്. രണ്ട് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നെന്ന രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.