ബെംഗളൂരു ആനേക്കലിലെ ചന്ദാപുരയില്‍ 28 കാരന്‍ ഭാര്യയുടെ തലയറുത്ത സംഭവത്തില്‍ കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമെന്ന സംശയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് കൂര്രകൊലപാതകത്തിന് കാരണം എന്നാണ് വിവരം. ഹെബ്ബഗൊഡി സ്വദേശി മാനസയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ശങ്കര്‍ അറസ്റ്റിലായി. ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം തലയുമായി ഇയാള്‍ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.
ഈയിടെയാണ് ഇരുവരും ഹീലാലിഗെ ഗ്രാമത്തിലെ വാടക വീട്ടിലേക്ക് എത്തിയത്. മാനസയ്ക്ക് വിവാഹേതര ബന്ധമുണ്ടോയെന്ന സംശയത്തിലായിരുന്നു ശങ്കര്‍. ജൂണ്‍ മൂന്നിന് രാത്രി ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയ ശങ്കര്‍ അടുത്ത ദിവസം രാവിലെ മാത്രമെ തിരിച്ചെത്തുകയുള്ളൂ എന്നാണ് അറിയിച്ചിരുന്നത്. ജോലി നേരത്തെ പൂര്‍ത്തിയാക്കി അര്‍ധ രാത്രി തന്നെ ശങ്കര്‍ തിരിച്ചെത്തി. മാനസയെ മറ്റൊരു പുരുഷനൊപ്പം കണ്ടെത്താനായിരുന്നു ശങ്കറിന്‍റെ പ്ലാനിങ്. ഇതിനെ ചൊല്ലി മാനസയും ശങ്കറും തമ്മില്‍ തര്‍ക്കമുണ്ടാവുകയും മാനസ വീട്ടില്‍ നിന്നും ഇറങ്ങി പോവുകയുമായിരുന്നു.
അമ്മയ്ക്കൊപ്പം താമസിക്കുന്നതിനിടെ വെള്ളിയാഴ്ചയാണ് മാനസ തിരികെ വീട്ടിലെത്തിയത്. മകളുടെ ഭാവി വിചാരിച്ച് വീണ്ടും ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടോടെ ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാവുകയായിരുന്നു. മറ്റു ബന്ധങ്ങളില്ലെന്ന് മാനസ പറഞ്ഞെങ്കിലും തര്‍ക്കത്തിനൊടുവില്‍ ശങ്കര്‍ കത്തിയെടുത്ത് തലയ്ക്ക് വെട്ടുകയായിരുന്നു.
തുടര്‍ന്ന് തലയുമായി ശങ്കര്‍ സൂര്യനഗർ പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് കസ്റ്റഡിയിലാകുന്നത്. ചോരപുരണ്ട വസ്ത്രവുമായി സ്കൂട്ടറിൽ സഞ്ചരിക്കുന്നത് കണ്ട് പൊലീസ് നടത്തിയ പരിശോധനയില്‍ ഫൂട്ട്‌ബോര്‍ഡില്‍ തല എടുത്തുവച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
അഞ്ചു വര്‍ഷം മുന്‍പ് വിവാഹിതരമായ ഇവര്‍ക്ക് മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ശങ്കര്‍ കോറമംഗലയിലെ സ്വകാര്യ കമ്പനിയിലും മാനസ ബൊമ്മസാന്ദ്രയിലുമാണ് ജോലി ചെയ്യുന്നത്.