റബ്ബർ ടാപ്പിങ് മുടങ്ങിയ വിവരം ഉടമയെ അറിയിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് തോട്ടം നോട്ടക്കാരനെ കൊന്നു കത്തിച്ച ടാപ്പിങ് തൊഴിലാളിക്ക് ജീവപര്യന്തം തടവു ശിക്ഷ. കയ്യും കാലും തല്ലിയൊടിച്ചു തലയ്ക്ക് അടിച്ചു കൊന്ന ശേഷമാണ് തീ കൊളുത്തിയത്.
തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ടാപ്പിംഗ് തൊഴിലാളി പ്രകാശ് ആണ് ശിക്ഷിക്കപ്പെട്ടത്. കൊല്ലപ്പെട്ടത് കന്യാകുമാരി സ്വദേശിയായ തോട്ടം നോട്ടക്കാരൻ സാലമൻ ആണ്. 2017 ഓഗസ്റ്റ് 14 ന് പത്തനംതിട്ട വടശ്ശേരിക്കര കോടമലയിലെ റബ്ബർ തോട്ടത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം. തോട്ടത്തിലെ പണിക്കാരനായിരുന്ന പ്രകാശ് റബ്ബർ മരങ്ങൾ കൃത്യമായി ടാപ്പ് ചെയ്തിരുന്നില്ല. ഈ വിവരം നോട്ടക്കാരനായ സാലമൻ തോട്ടം ഉടമയെ അറിയിച്ചതാണ് പ്രകോപനത്തിന് കാരണം.
വിരോധം നിമിത്തം സാലമൻ താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, ഇരുമ്പ് പൈപ്പ് കൊണ്ട് സാലമന്റെ കയ്യും കാലും തല്ലിയൊടിച്ച ശേഷം തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന്, കാടു വെട്ടാനുപയോഗിക്കുന്ന മെഷീനുവേണ്ടി വാങ്ങി സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് മൃതദേഹം കത്തിച്ച് വികൃതമാക്കുകയും ചെയ്തു. അന്നത്തെ റാന്നി സി.ഐ ആയിരുന്ന എസ്. ന്യൂമാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തിരുവനന്തപുരം പാലോട് വനത്തിൽ നിന്നും അറസ്റ്റ് ചെയ്തത്. ന്യൂമാൻ ഇപ്പോൾ ഇപ്പോൾ പത്തനംതിട്ട ഡി.വൈ.എസ്.പി ആണ്.
ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയമായ അന്വേഷണമാണ് പ്രതിക്ക് ജീവപര്യന്തം തടവ് ലഭിക്കാൻ ഇടയാക്കിയത്. സാലമനെ കൊലപ്പെടുത്തിയ ശേഷവും മറ്റൊരു വധശ്രമ കേസിലും പ്രകാശ് പ്രതിയായി. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി-3 ജഡ്ജ് മിനിമോൾ.എഫ് ആണ് ഏഴ് വർഷത്തിന് ശേഷം കേസിൽ ശിക്ഷ വിധിച്ചത്. പിഴതുകയായ വിധിച്ച മൂന്ന് ലക്ഷം രൂപയിൽ ഒന്നരലക്ഷം രൂപ കൊല്ലപ്പെട്ട സാലമന്റെ കുടുംബത്തിന് നൽകാനും കോടതി ഉത്തരവിട്ടു.