പൊള്ളാച്ചി വടുകപാളയത്ത് മലയാളിയുവതിയെ കാമുകന്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. പ്രതി ഉദുമല്‍പേട്ട റോഡ് അണ്ണാമലയാര്‍നഗറില്‍ പ്രവീണ്‍കുമാറിനെ (23) പൊലീസ് റിമാന്‍ഡ് ചെയ്തു. പൊന്‍മുത്തുനഗറില്‍ താമസിക്കുന്ന തൃശ്ശൂര്‍ ചുവന്നമണ്ണ് സ്വദേശി അശ്വികയെയാണ് (19) പ്രവീണ്‍ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യം കാരണം അശ്വികയെ പ്രവീണ്‍ കൊലപ്പെടുത്തി എന്നായിരുന്നു ആദ്യഘട്ടത്തില്‍ പുറത്തുവന്ന വിവരം. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് അറിയുന്നത്. വിവാഹത്തിന് അശ്വികയ്ക്കും വീട്ടുകാര്‍ക്കും സമ്മതമല്ലായിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു.
രണ്ടു വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ഈ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് അശ്വികയും കുടുംബവും പ്രവീണിനെ അറിയിച്ചു. മാനസികമായി മകളെ പ്രവീണ്‍ പീഡിപ്പിക്കുകയായിരുന്നു അതുകൊണ്ടാണ് ഈ ബന്ധം വേണ്ടെന്ന് വയ്ക്കാന്‍ അശ്വികയോട് പറഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു. സ്വകാര്യ കേളജിലെ ബി.എസ്.സി ഐ.ടി വിദ്യാര്‍ഥിനിയാണ് അശ്വിക. പ്രവീണ്‍ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ കളക്ഷന്‍ ഏജന്‍റായി ജോലി ചെയ്യുകയായിരുന്നു. അശ്വികയോട് മറ്റ് ആണ്‍കുട്ടികളുടെയോ അവര്‍ക്കൊപ്പമുള്ളതോ ആയ ഫോട്ടോകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കരുതെന്ന് പ്രവീണ്‍ കട്ടായം പറഞ്ഞിരുന്നു. എന്നാല്‍ അശ്വിക ഇത് കേട്ടില്ല. ഇതിന്‍റെ പേരില്‍ രണ്ടാളും തമ്മില്‍ വഴക്ക് പതിവായിരുന്നു.
കോളജിലെ കൂട്ടുകാര്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ അശ്വിക വാട്സപ്പ് സ്റ്റാറ്റസ് ഇടാറുണ്ടായിരുന്നു. രണ്ടുമാസം മുന്‍പ് അടുത്ത ഒരു ബന്ധുവിന്‍റെ മകനൊപ്പമുള്ള സെല്‍ഫി അശ്വിക വാട്സപ്പില്‍ സ്റ്റാറ്റസ് ഇട്ടു. ഇതുകണ്ട പ്രവീണ്‍ അശ്വികയോട് വഴക്കിട്ടു. ഇത് സമ്മതിച്ചുകൊടുക്കാനാകില്ലെന്ന് അശ്വികയുടെ മാതാപിതാക്കളെയും വിളിച്ചറിയിച്ചു. എന്നാല്‍ ഈ ബന്ധം ഇങ്ങനെ മുന്നോട്ടുകൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന മറുപടിയാണ് മാതാപിതാക്കള്‍ പ്രവീണിന് നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു ഫോട്ടോ കണ്ട് പ്രവീണ്‍ പലവട്ടം അശ്വികയെ ഫോണില്‍ വിളിച്ചു. പക്ഷേ അശ്വിക ഫോണ്‍ എടുത്തില്ല. ഇതോടെയാണ് പ്രവീണ്‍ അശ്വികയുടെ വീട്ടിലേക്കെത്തിയത്. ‘ഞാന്‍ ഏറ്റവും വെറുക്കുന്ന വ്യക്തി’ എന്ന കുറിപ്പിനൊപ്പം ഒരു ആനിമേറ്റഡ് ചിത്രമായിരുന്നു അശ്വിക ഇന്‍സ്റ്റഗ്രാമിലും വാട്സപ്പിലും പങ്കുവച്ചത്.
പ്രവീണ്‍ എത്തിയ നേരത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഇവിടെവച്ച് രണ്ടാളും തമ്മില്‍ വഴക്കായി. ഇതിനിടെ കയ്യില്‍ കരുതിയ പേനകത്തിയുപയോഗിച്ച് പ്രവീണ്‍ അശ്വികയെ കുത്തിവീഴ്ത്തുകയായിരുന്നു. മുതുകില്‍ കുത്തിയപ്പോള്‍ പേനക്കത്തി ഒടിഞ്ഞു. അടുക്കളയിലെത്തി അവിടെയുണ്ടായിരുന്ന കത്തിയെടുത്ത് അശ്വികയുടെ നെഞ്ചിലും കഴുത്തിലുമടക്കം മൂന്നിടത്ത് പ്രവീണ്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. അശ്വികയുടെ ബോധം മറഞ്ഞപ്പോള്‍ പ്രതി അവിടെനിന്ന് നേരെ പൊള്ളാച്ചി വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. അതിനിടെ വീട്ടില്‍ തിരിച്ചെത്തിയ അശ്വികയുടെ അച്ഛന്‍ കാണുന്നത് അനക്കമറ്റ് ചോരയില്‍ കുളിച്ചുകിടക്കുന്ന മകളെയാണ്. ഉടന്‍ തന്നെ അദ്ദേഹം മകളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.