കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് സ്വദേശി അന്നൂസ് റോഷനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയ ആളും ഇയാള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യമേര്‍പ്പാടാക്കിയ ബന്ധുവുമാണ് പിടിയിലായത്. സംഘത്തിലെ കൂടുതല്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസ് രാവിലെ വയനാട്ടില്‍ നിന്നാണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള നീക്കം രഹസ്യമായി മനസിലാക്കിയ പൊലിസ് വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച കാറും പൊലിസ് പിടിച്ചെടുത്തു. അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോയ കേസില്‍ മുഖ്യപ്രതിയാണ് നിയാസ്. തട്ടിക്കൊണ്ട് പോകാനും ഒളിവില്‍ പാര്‍പ്പിക്കാനും നേതൃത്വം നല്‍കിയത് നിയാസാണ്. നിയാസിന് ഒളിവില്‍ താമസിക്കാന്‍ സൗകര്യം നല്‍കിയതിനാണ് വേങ്ങര സ്വദേശി ഷഫീഖിനെ പൊലിസ് പിടികൂടിയത്. നിയാസിന്‍റെ സഹോദരി ഭര്‍ത്താവാണ് ഷഫീഖ്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കാര്‍ വാടകയ്ക്ക് കൊടുത്ത രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. നാട്ടുകാരനായ മുഹമ്മദ് ഷാഫിയാണ് നേരത്തെ അറസ്റ്റിലായ മറ്റൊരു പ്രതി. കഴിഞ്ഞ മാസം 17നാണ് ആയുധവുമായി വീട്ടിലേക്കെത്തിയ സംഘം അന്നൂസ് റോഷനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് അഞ്ചു ദിവസത്തിന്ശേഷം മലപ്പുറത്ത് ഇറക്കിവിടുകയായിരുന്നു. അന്നൂസിന്‍റെ സഹോദരന്‍ അജ്മല്‍ റോഷനുമായുള്ള സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണം.