എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

യുപിയിലെ മൊറാദാബാദിൽ ഓട്ടിസം ബാധിച്ച കുട്ടികളെ ബലാല്‍സംഗത്തിനിരയാക്കി ബോർഡിങ് സ്കൂളിലെ ജീവനക്കാരൻ. 9 ഉം 13 ഉം വയസ്സുള്ള സഹോദരന്‍മാരെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇയാള്‍ കുട്ടികളെ ശാരീരികമായി ആക്രമിച്ചതായും കത്തിച്ച സിഗററ്റ് ഉപയോഗിച്ച് പൊള്ളിച്ചതായും റിപ്പോര്‍ട്ടുണ്ട്. കുട്ടികളെ അമ്മ ബോര്‍ഡിങ് സ്കൂളില്‍ ചേര്‍ത്തതിന് തൊട്ടുപിന്നാലെയാണ് ക്രൂരബലാല്‍സംഗം നടന്നത്. സംഭവത്തില്‍ ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള മോനു പാൽ (29) എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച കുട്ടികളുടെ അമ്മ സന്ദര്‍ശനത്തിനായി വീണ്ടും ബോര്‍ഡിങ് സ്കൂളില്‍ എത്തിയിരുന്നു. പിന്നാലെ കുഞ്ഞുങ്ങള്‍ പൊട്ടിക്കരഞ്ഞ് തങ്ങള്‍ നേരിട്ട ദുരനുഭവം അമ്മയോട് പറയുകയായിരുന്നു. പിന്നാലെ അമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുരകയും ചെയ്തു. കുറ്റകൃത്യത്തെക്കുറിച്ച് ആരോടും പറയാതിരിക്കാൻ കുട്ടികളെ ഭീഷണിപ്പെടുത്തിയതായും പേടിപ്പിക്കാന്‍ കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചതായും പരാതിയില്‍ പറയുന്നു. ബിഎൻഎസ് സെക്ഷൻ 64 (2) (ബലാത്സംഗം), പോക്സോ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

സ്കൂളിലെ ബോർഡിങില്‍ തന്നെയാണ് പ്രതി താമസിച്ചിരുന്നത്. പ്രതിയുടെ കിടക്കയ്ക്ക് സമീപമുള്ള ബങ്ക് ബെഡുകളിൽ ഒരേ മുറിയിൽ ഓട്ടിസം ബാധിച്ച നാല് കുട്ടികൾ താമസിക്കുന്നുണ്ടെന്ന് SCPCR ചെയർപേഴ്‌സൺ ഗീത ഖന്ന പറഞ്ഞു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലേയും (സിഡബ്ല്യുസി), സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും (എസ്‌സി‌പി‌സി‌ആർ) സഹായത്തോടെയാണ് പൊലീസ് കുട്ടികളുമായി സംസാരിച്ചത്. ഇരകളായ കുട്ടികളോടൊപ്പം താമസിക്കുന്ന മറ്റ് രണ്ട് കുട്ടികളുടെ മാതാപിതാക്കളെയും ബന്ധപ്പെടാൻ പൊലീസ് ശ്രമിക്കുന്നുണ്ട്.

അതേസമയം,‌ പെർമിറ്റ് ഇല്ലാതെയാണ്  ഒരു സ്ത്രീ  ഈ ബോര്‍ഡിങ് നടത്തുന്നതെന്ന്    ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഏതാനും കിലോമീറ്റർ അകലെ ഭിന്നശേഷി കുട്ടികൾക്കായി അവർ ഒരു പ്രെപ്പ് സ്കൂൾ നടത്തുന്നുണ്ട്. 15 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അതിൽ നാലുപേരാണ് ബോർഡിങില്‍ താമസിക്കുന്നത്. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ഒരു ട്രസ്റ്റാണ് സ്കൂൾ നടത്തിയിരുന്നത്.

ENGLISH SUMMARY:

A heart-wrenching case has emerged from Moradabad, Uttar Pradesh, where a 29-year-old boarding school staff member brutally raped and tortured two autistic brothers aged 9 and 13. The accused, Monu Pal, allegedly burned the children with cigarettes and threatened them into silence. The crime came to light when the children's mother visited the school and they broke down, narrating their ordeal. The boarding facility, reportedly run without a valid permit, is now under investigation. A case has been registered under BNS Section 64(2) and the POCSO Act.