meerut-murder-shocking-details

കോടതിയിൽ സ്വയം പ്രതിനിധീകരിക്കുന്നതിനായി നിയമം പഠിക്കാൻ അനുമതി തേടി മീററ്റില്‍ മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുസ്കാന്‍ റസ്തോഗി. തന്റെ അഭിഭാഷകനിൽ നിന്ന് ലഭിച്ച പിന്തുണയിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് മുസ്‌കാൻ സ്വന്തം കേസ് വാദിക്കാൻ നിയമം പഠിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മീററ്റിലെ ഇന്ദിരാനഗറില്‍ മാര്‍ച്ച് നാലിനാണ് മുസ്കാനും കാമുകന്‍ സാഹിലും ചേര്‍ന്ന് ഭര്‍ത്താവ് സൗരഭ് രജ്പുതിനെ കൊലപ്പെടുത്തിയത്.

ഇന്ത്യയിൽ എൽഎൽബി കോഴ്സിന് ചേരാന്‌ സീനിയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ മുസ്കാൻ എട്ടാം ക്ലാസിനപ്പുറം പഠിച്ചിട്ടില്ലെന്നും നിയമപഠനം നടത്തുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ് മുസ്കാനില്ലെന്നും ജയിൽ ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പ്രതിക്ക് നിയമ വിദ്യാഭ്യാസം നേടുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ അധികൃതർ പരിശോധിച്ചു വരികയാണ്. നിലവില്‍ ഇഗ്നോ (ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി) ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് വിവിധ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പഠിക്കണമെങ്കിൽ ആവശ്യമായ എല്ലാ സൗകര്യവും നൽകുമെന്ന് ജയിൽ സൂപ്രണ്ട് വീരേഷ് രാജ് ശർമ്മ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കേസിൽ മുസ്‌കാൻ റസ്‌തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്ക്കുമെതിരെ ഈ മാസം ആദ്യമാണ് മീററ്റ് പൊലീസ് 1,000 പേജുള്ള വിശദമായ കുറ്റപത്രം സമർപ്പിച്ചത്. കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടർന്ന് ഇരുവരും ചൗധരി ചരൺ സിങ് ജില്ലാ ജയിലില്‍ തുടരുകയാണ്. അതേസമയം, മുസ്‌കാൻ ജയിലിലായതിനുശേഷം കുടുംബത്തിൽ നിന്ന് ആരും സന്ദര്‍ശിച്ചിട്ടില്ലെന്നും അതേസമയം മുസ്കാന്‍റെ കാമുകനും കേസില്‍ പ്രതിയുമായ സാഹിലിനെ അമ്മയുടെ മുത്തശ്ശിയും സഹോദരനും സന്ദര്‍ശിക്കാന്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ജയിലിലെ പതിവ് വൈദ്യപരിശോധനയില്‍ മുസ്കാൻ ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു.

ഭക്ഷണത്തില്‍ ഉറക്കുഗുളിക കലര്‍ത്തി ഉറക്കിയ ശേഷം കത്തി ഉപയോഗിച്ചാണ് മുസ്കാനും സാഹിലും ചേര്‍ന്ന് മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥന്‍ സൗരഭ് രജ്പുതിനെ കുത്തികൊലപ്പെടുത്തുന്നത്. ശേഷം മൃതദേഹം 15 കഷണങ്ങളാക്കി വീപ്പയിലിട്ട് സിമിന്‍റ് നിറച്ചു മൂടുകയായിരുന്നു. കൊലപാതകം നടന്ന് രണ്ടാഴ്ചയോളം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയതും പ്രതികളെ കസ്റ്റഡിയിലെടുത്തതും. മുസ്‌കാനും സാഹിലും മയക്കുമരുന്നിന് അടിമകളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുറ്റപത്രത്തിൽ മുസ്കാനും സാഹിലും ചേര്‍ന്ന് നടത്തിയ ഞെട്ടിപ്പിക്കുന്ന ഗൂഢാലോചനയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കുടുംബാംഗങ്ങൾ, ഹോട്ടൽ ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി 34 സാക്ഷികളാണ് കേസിലുള്ളത്. മുസ്‌കാന്റെ മാതാപിതാക്കളായ കവിതയും പ്രമോദ് റസ്‌തോഗിയും മകൾക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. ഇത് പ്രോസിക്യൂഷന് കേസില്‍ കരുത്താകുമെന്നാണ് കരുതുന്നത്.

സൗരഭിന്‍റെ ശരീരഭാഗങ്ങള്‍ ഡ്രമ്മില്‍ മണ്ണിട്ട് മൂടി ഒരു തൈ നടുക എന്നതായിരുന്നു ഇരുവരുടേയും ആദ്യത്തെ പദ്ധതി. എന്നാല്‍ ദുർഗന്ധം വമിക്കുന്ന് കരുതി മുസ്‌കാനും സാഹിലും മൃതദേഹം മറവു ചെയ്യാൻ സിമന്റാണ് നല്ലതെന്ന് തീരുമാനിച്ചു. എന്നാല്‍ സിമന്‍റ് നിറച്ച ശേഷം അത് നീക്കം ചെയ്യാന്‍ നോക്കിയപ്പോളാണ് അബദ്ധം പിണഞ്ഞതായി ഇരുവരും അറിഞ്ഞത്. ഭാരം കാരണം ഡ്രം ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ചുമട്ടുതൊഴിലാളികളെ എത്തിച്ചെങ്കിലും അവര്‍ക്കും ഡ്രം ഉയര്‍ത്താനായില്ല. പരിഭ്രാന്തയായ മുസ്കാന്‍ തുടര്‍ന്ന് വീട്ടിലെത്തി സൗരഭിനെ കൊന്നത് താനാണെന്ന് രക്ഷിതാക്കളോട് പറയുകയായിരുന്നു.

മകളുടെ ജന്മദിനത്തിന്‍റെ ഭാഗമായാണ് സൗരഭ് ലണ്ടനില്‍ നിന്ന് മീററ്റിലെത്തിയത്. സൗരഭിന്റെ ലണ്ടൻ വിസ കാലാവധി അവസാനിക്കാറായിരുന്നു. സന്ദർശന വേളയിൽ അത് പുതുക്കാൻ സൗരഭ് കരുതിയിരുന്നതായും ഒപ്പം ഭാര്യയെയും മകളെയും തന്നോടൊപ്പം ലണ്ടനിലേക്ക് കൊണ്ടുപോകാനും ആഗ്രഹിച്ചിരുന്നതായും പൊലീസ് പറയുന്നു. എന്നാല്‍ മുസ്കാന്‍ എതിര്‍ത്തു. സാഹിലുമായി മുസ്കാന് ബന്ധമുണ്ടെന്ന് സൗരഭിന് അറിയാമായിരുന്നു. ഇതോടെ വിവാഹ ബന്ധം പിരിയാന്‍ തീരുമാനിച്ചെങ്കിലും മകളുടെ ഭാവി ഓര്‍ത്ത് സൗരഭ് പിന്മാറുകയായിരുന്നു. എന്നാല്‍ ഇത്തവണ മീററ്റിലെത്തിയ സൗരഭ് മകളെ കൂടെ കൊണ്ടുപോകാൻ തീരുമാനിക്കുകയും അവൾക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Muskan Rastogi, accused in the murder of her Merchant Navy officer husband Saurabh Rajput in Meerut, has sought court permission to study law and represent herself during trial. Unsatisfied with the support from her lawyer, Muskan expressed her intent to handle the legal proceedings personally. According to the Times of India, Muskan, along with her alleged lover Sahil, is accused of killing her husband on March 4 at their residence in Indiranagar, Meerut. The plea has stirred attention for its unusual legal move amid a high-profile criminal case.