ആലപ്പുഴ കരുവാറ്റയിൽ യുവാവും പെൺകുട്ടിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. പള്ളിപ്പാട് സ്വദേശി 17 വയസുള്ള ദേവു, ചെറുതന സ്വദേശി 38 കാരനായ ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. കരുവാറ്റ റെയിൽവെ സ്റ്റേഷനു സമീപം കൊച്ചുവേളി - അമൃത്സർ എക്സ്പ്രസ് ട്രെയിന് മുന്നിലാണ് ഇരുവരും ചാടിയത്.
ബൈക്കിൽ ഒന്നിച്ച് റെയിൽവെ സ്റ്റേഷനു സമീപം എത്തി റോഡിൽ ബെക്ക് വെച്ചശേഷമാണ് ട്രാക്കിലേക്ക് എത്തിയത്. ഇരുവരും എത്തിയ ബൈക്ക് ശ്രീജിത്തിന്‍റെ അടുത്ത ബന്ധുവിന്‍റേതാണെന്നാണ് സംശയം. ഇരുവരും പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നത് കണ്ട് അസ്വഭാവികത തോന്നിയ ഗേറ്റ്കീപ്പര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ട്രാക്കിലേക്ക് ചാടുകയായിരുന്നു.
ട്രാക്കിലേക്ക് ചാടല്ലേയെന്ന് ഗേറ്റ് കീപ്പർ ഉറക്കെ നിലവിളിച്ചെങ്കിലും നിമിഷനേരം കൊണ്ട് ട്രെയിൻ ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്റ്റേഷൻ എത്തുന്നതിന് മുൻപ് ട്രാക്കിൽ വലിയ വളവുകളൊന്നും ഇല്ലാത്തതിനാൽ ട്രെയിൻ വരുന്നത് ദൂരെനിന്നു തന്നെ ശ്രീജിത്തും പെൺകുട്ടിയും കണ്ടിരിക്കാമെന്നാണ് നിഗമനം.
വിവാഹിതനായ ശ്രീജിത്ത് രണ്ട് മക്കളുടെ പിതാവാണ്. ഹരിപ്പാട് ഗവ. ബോയ്സ് എച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് ദേവിക. ശ്രീജിത്തിന്റെ ഭാര്യ രാഖിയുടെ വീടിനു സമീപമാണ് ദേവികയുടെ വീട്. ഇരുവരും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി പൊലീസിൽ പരാതി ഉണ്ടായിരുന്നു. ഇരുവരുടെയും മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ദേവികയുടെ സംസ്കാരം ഇന്ന് 4ന് നടക്കും. സഹോദരൻ: വൈശാഖ്. ശ്രീജിത്തിന്റെ സംസ്കാരം ഇന്ന് 3ന്.