യു.ഡി.എഫിന് അംഗബലം കൂടുതലുണ്ടെങ്കിലും സ്വതന്ത്രനെ ഒപ്പം നിർത്തി ആലപ്പുഴ നഗരസഭ ഭരണം പിടിക്കാനുള്ള നീക്കവുമായി LDF രംഗത്ത്. UDF ഏറ്റവും വലിയ ഒറ്റക്ഷിയാണെങ്കിലും കേവല ഭൂരിപക്ഷമില്ല. ഭരണത്തിലെത്തണമെങ്കിൽ സ്വതന്ത്രന്റെയോ SDPI യുടെയോ PDP യുടെയോ പിന്തുണ ഇരു മുന്നണികൾക്കും വേണം.
53 അംഗങ്ങൾ ഉള്ള ആലപ്പുഴ നഗരസഭയിൽ യുഡിഎഫ് 23, എൽഡിഎഫ് 22, ബിജെപി 5, പിഡിപി 1, എസ‌്ഡിപിഐ 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില. എൽഡിഎഫിനെ ഒരാൾകൂടി പിന്തുണച്ചാൽ 23 -23 എന്നനിലയിൽ ആകും അംഗബലം. ഏതു മുന്നണിയെ പിന്തുണയ്ക്കണം എന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് പിഡിപിയും എസ്ഡിപിഐയും പറയുന്നത്. നഗരസഭയിൽ ഭരണം പിടിക്കാൻ മംഗലം വാർഡിൽ നിന്ന് ജയിച്ച സ്വതന്ത്രൻ ജോസ് ചെല്ലപ്പന്‍റെ നിലപാട് നിർണായകമാണ്. രണ്ടു മുന്നണികളും ജോസ് ചെല്ലപ്പനെ സമീപിച്ചിട്ടുണ്ട്. 2015 ൽ സ്വതന്ത്രനായി ജയിച്ച ജോസ് ചെല്ലപ്പൻ യുഡിഎഫിനെ പുറത്ത് നിന്ന് പിന്തുണച്ചിരുന്നു. ഇത്തവണയും സ്വതന്ത്രൻ പിന്തുണയ്ക്കുമെന്നാണ് UDF പ്രതീക്ഷ. നഗരസഭ ഭരണം പിടിക്കാൻ എൽഡിഎഫും ശ്രമിക്കുന്നുണ്ട്. ചെയർമാൻ സ്ഥാനത്തേക്ക് LDF ന് സ്ഥാനാർഥി ഉണ്ടാകുമെന്ന് CPM ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു.
ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത ആലപ്പുഴ നഗരസഭ ഏതുമുന്നണി ഭരിക്കും എന്ന ആകാംക്ഷ ശക്തമാണ്.ജില്ലയിൽ ആലപ്പുഴ ഉൾപ്പടെ ഭരണംഉണ്ടായിരുന്ന രണ്ട് നഗരസഭകൾ എൽഡിഎഫിന് നഷ്ടമായി. സംസ്ഥാനത്തെ യുഡിഎഫ് അനുകൂല തരംഗം ആലപ്പുഴയിൽ ഏശിയില്ലെന്ന നിലപാടിലാണ് CPM ജില്ലാ നേതൃത്വം.