ആലപ്പുഴയിൽ നഗരസഭകളിൽ എൽഡിഎഫിനേറ്റ  തിരിച്ചടി അപ്രതീക്ഷിതം. പ്രതികൂലഘടകങ്ങള്‍ എല്ലാം  മാറ്റി നിർത്തിയാലും മൂന്നിടത്ത് ഭരണത്തിലെത്താം എന്നായിരുന്നു എൽഡിഎഫ് വിലയിരുത്തൽ. എൽഡിഎഫും യുഡിഎഫും ഒരു പോലെ നഷ്ടപ്പെടുമെന്ന് കരുതിയിരുന്ന  കായംകുളത്ത് യുഡിഎഫ് ആധിപത്യം നേടുകയും ചെയ്തു.

ചേർത്തല, ആലപ്പുഴ, മാവേലിക്കര എന്നീ നഗരസഭകളിൽ ഉറപ്പായ ഭരണവും കായംകുളത്ത് സാധ്യതയുമാണ് വോട്ടെടുപ്പിന് മുൻപും ശേഷവും സിപിഎമ്മും എല്‍ഡിഎഫും വിലയിരുത്തിയത്. എന്നാൽ ചേർത്തല മാത്രമാണ് തുണച്ചത്. 35 ൽ അധികം വാർഡുകളിൽ വിജയിക്കാമെന്ന ആത്മ വിശ്വാസമുണ്ടായിരുന്ന ആലപ്പുഴയിലെ തിരിച്ചടി ഒട്ടും സിപിഎം പ്രതീക്ഷിച്ചില്ല. പാർട്ടിക്കോട്ടകളിൽ തോൽവിയും വോട്ടുചോർച്ചയും സംഭവിച്ചു. കായംകുളത്ത് നഗരസഭാ ഭരണത്തിനെതിരെ ഉണ്ടായ ആരോപണങ്ങളും സിപിഎമ്മിലെ കീറാമുട്ടിയായി തുടരുന്ന ഉൾപ്പാർട്ടി തർക്കങ്ങളും ഒരിക്കൽ കൂടി ഭരണം കിട്ടുമെന്ന പ്രതീക്ഷ കായംകുളത്ത് ഇല്ലാതാക്കിയിരുന്നു. എങ്കിലും കനത്ത തോൽവി പ്രതീക്ഷിച്ചിരുന്നില്ല. 

യുഡിഎഫിലും സ്ഥിതി അത്ര മെച്ചമായിരുന്നില്ല ഇക്കാരണത്താൽ കായംകുളത്തിന്‍റെ കാര്യത്തിൽ യുഡിഎഫിനും  വലിയ പ്രതീക്ഷയില്ലായിരുന്നു. എന്നാൽ വലിയ ഭൂരിപക്ഷംയുഡിഎഫിന് കിട്ടി. ഭരണം കിട്ടുമെന്ന് കരുതിയിരുന്ന മാവേലിക്കരയിലും ചെങ്ങന്നൂരിലും ബിജെപിക്ക് പിന്നിൽ എല്‍ഡിഎഫ്  മൂന്നാമതാകുകയും ചെയ്തു. വാർഡ് തലത്തിൽ നിന്ന് നേരത്തെ ഏകകണ്ഠമായി നിർദ്ദേശിച്ച പേരുകൾ അംഗീകരിച്ച് പ്രവർത്തനം നേരത്തെ തുടങ്ങാൻ യുഡിഎഫ് സ്ഥാനാർഥികൾക്കായി. 

വോട്ടർ പട്ടികയിൽ പേരു ചേർക്കൽ അടക്കം താഴേ തട്ടിലുളള പ്രവർത്തനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ നേരത്തെ സജീവമാകുകയും ചെയ്തു. പ്രവർത്തനങ്ങളിൽ കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല അടക്കം മുതിർന്ന നേതാക്കളുടെ മേൽനോട്ടവും നിരന്തരം ഉണ്ടായി. സാധാരണ സ്ഥാനാർഥികളെ നേരത്തെ നിശ്ചയിച്ച് പ്രവർത്തനം സജീവമാക്കാറുള്ള എല്‍ഡിഎഫ് ഇത്തവണ ചർച്ചകൾക്ക് സമയമേറെ എടുത്തു. നഗരസഭകളിൽ എന്‍ഡിഎയ്ക്ക് വോട്ടും സീറ്റും കൂടി. എന്നാൽ മാവേലിക്കരയിൽ ഒരു സീറ്റ് കുറഞ്ഞെങ്കിലും എല്‍ഡിഎഫിനെക്കാൾ നേട്ടമുണ്ടാക്കി. നഗര മേഖലകളിലെ തിരിച്ചടി വരും ദിവസങ്ങളിൽ എല്‍ഡിഎഫിൽ പ്രത്യേകിച്ച് സിപിഎമ്മിനുള്ളിൽ കാര്യമായ ചർച്ചയ്ക്ക് വഴിതുറക്കും.

ENGLISH SUMMARY:

The LDF suffered an unexpected setback in the municipalities of Alappuzha district. Prior to the polls, the LDF confidently expected to secure power in at least three municipalities: Cherthala, Alappuzha, and Mavelikkara, with a chance in Kayamkulam. However, only Cherthala stood by the LDF