ചെന്നൈ തിരുവാണ്‍മിയൂരില്‍ എടിഎമ്മിന്‍റെ ക്യാഷ് ഡിസ്പെന്‍സറിനുള്ളില്‍ കാര്‍ഡ്ബോര്‍ഡ് ഒട്ടിച്ച് പണം തട്ടുന്ന സംഘത്തെ പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച തിരുവാൺമിയൂർ തിരുവള്ളുവർ നഗറിലെ എസ്ബിഐ എടിഎമ്മിലാണ് സംഭവം . ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്ന് പണം പോയെങ്കിലും മെഷീനിൽ നിന്ന് പണം പുറത്തു വന്നിരുന്നില്ല. പിറ്റേന്ന് രാവിലെ വരെ നിരവധിപ്പേർക്ക് സമാനമായ അനുഭവമുണ്ടായി. വിഷയം തിരുവാണ്‍മിയൂര്‍ പൊലീസിന്‍റെ ശ്രദ്ധയിലും പെട്ടു. ഇവര്‍ ഞായറാഴ്ച രാവിലെ ബാങ്ക് ജീവനക്കാരെ വിളിച്ചു. ബാങ്ക് അധികൃതര്‍ എടിഎമ്മിന്‍റെ സര്‍വീസ് എന്‍ജിനീയര്‍മാരെ വിവരം അറിയിച്ചു. എടിഎം പരിശോധിച്ച സർവീസ് എൻജിനീയർമാരാണ് ‘ക്യാഷ് ഡിസ്പെൻസര്‍, കാര്‍ഡ്ബോര്‍ഡ് വച്ച് തടസ്സപ്പെടുത്തിയതായി കണ്ടെത്തിയത്.
ബാങ്കിന്‍റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ്, സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. യുപി സ്വദേശികളായ കുൽദീപ് സിങ്, സുമിത് യാദവ്, ബ്രിജ്ഭൻ എന്നിവരാണ് പിടിയിലായത് കള്ളത്താക്കോലിട്ട് എടിഎമ്മിന്‍റെ മുന്‍ഭാഗം തുറന്ന ശേഷം പണം പുറത്തു വരുന്ന ഭാഗം കാർഡ് ബോർഡും സെലോ ടേപ്പും വച്ച് അടയ്ക്കുകയാണ് മോഷ്ടാക്കൾ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. പണം ലഭിക്കാത്ത ഉപഭോക്താക്കൾ, അക്കൗണ്ടിലേക്ക് പണം തിരികെ വരുമെന്ന പ്രതീക്ഷയിൽ പുറത്തു പോകുമ്പോൾ പ്രതികളെത്തി പണം കൈക്കലാക്കുകയായിരുന്നു രീതി.
നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി എടിഎമ്മുകളിൽ ഇവർ സമാനമായ രീതിയിൽ തട്ടിപ്പുകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സംഘത്തില്‍ കൂടുതല്‍ പേര് ഉണ്ടോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.