കണ്ണൂരിലെ ചെറുപുഴയില്‍ എട്ടുവയസുകാരിയെ പിതാവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുഖത്തടിക്കുന്നതും തലമുടിക്ക് പിടിച്ച് ഭിത്തിയില്‍ ഇടിക്കുന്നതും നിലത്തേക്ക് എടുത്തെറിയുന്നതും കത്തി കാട്ടി ഭീഷണിപ്പെടുത്തുന്നതുമാണ് ദൃശ്യങ്ങളില്‍. ‘ചാച്ചാ തല്ലല്ലേ’ എന്ന് കുട്ടി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മനസ്സാക്ഷിയെ നടുക്കുന്ന ഈ ദൃശ്യങ്ങള്‍ ആര്‍ക്കും കണ്ടുനില്‍ക്കാനാവുന്നതല്ല.
വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന മാതാവിനോട് കൂടുതല്‍ അടുപ്പമെന്ന് പറഞ്ഞായിരുന്നു മര്‍ദനം. പ്രാപ്പൊയില്‍ സ്വദേശി ജോസിനെതിരെയാണ് പരാതി. കുട്ടിയുടെ മാതാവ് തിരിച്ചെത്താന്‍ പ്രാങ്ക് വീഡിയോ ചെയ്തതെന്ന് പിതാവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മകളെ ജോസ് സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നും ഭാര്യയെയും മര്‍ദിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മയുടെ സഹോദരി മനോരമ ന്യൂസിനോട് പറഞ്ഞു. പരാതി നല്‍കിയിട്ടും പൊലീസ് ഇടപെട്ടില്ലെന്നും അനിത വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി നടന്ന ക്രൂരത അറിഞ്ഞിട്ടും പൊലീസ് നടപടിയെടുത്തിരുന്നില്ല. ഇന്ന് രാവിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നശേഷമാണ് പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്ത് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ചെറുപുഴ പൊലീസാണ് കേസെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടാകും. സംഭവത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.